തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശമദ്യവിൽപ്പന തുടങ്ങും. ലാഭവിഹിതത്തിലെ തർക്കം മൂലമാണ് ദിവസങ്ങളായി ബാറുകൾ ഉടമകൾ അടച്ചിട്ടിരുന്നത്. ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്‍റെ വെയർഹൗസ് ലാഭവിഹിതം എട്ടിൽ നിന്നും 25 ആക്കി കൂട്ടിയിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ബാറുടമകൾ ഉയർത്തിയത്.
ഈ തർക്കം ഒടുവിൽ സർക്കാർ തന്നെ ഇടപെട്ട് അവസാനിപ്പിച്ചിരിക്കുകയാണ്. വെയർ ഹൌസ് ലാഭ വിഹിതം 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്ക്കാമെന്ന് സർക്കാർ സമ്മതിച്ചു. ഇതേത്തുടർന്ന് ഇന്ന് മുതൽ ബാറുകൾ തുറക്കുമെന്ന് ഉടമകൾക്ക് വ്യക്തമാക്കി. കൊവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനാകില്ല. മദ്യവിൽപ്പന മാത്രമാണ് ഇന്ന് തുടങ്ങുന്നത്. നിലവിൽ ബാറുകൾ വഴി വൈനും ബിയറും വിൽക്കുന്നുണ്ട്.
അതേസമയം, കൺസ്യൂമർ ഫെഡും ഇന്ന് മുതൽ മദ്യവിൽപ്പന തുടങ്ങും. കൺസ്യൂമർ ഫെഡിന്‍റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സർക്കാർ അറിയിച്ചു.
നിലവിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രമാണ് മദ്യവിൽപ്പന നടത്തുന്നത്. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇതിനെതിരെ ഹൈക്കോടതി കടുത്ത വിമർശനവും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെട്ടെന്നുള്ള സർക്കാർ ഇടപെടൽ.
(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam