ശബരിമല സ്വർണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് ആന്‍റോ ആൻ്റണി എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ പി ഉദയഭാനു. .
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ ആന്‍റോ ആൻ്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണമിടപാടിൽ ദുരൂഹതയുണ്ട്. തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ആന്റോ ആൻറണി പണം കൈപ്പറ്റിയതായി ആരോപണം ഉണ്ടെന്നും ഉദയഭാനു പറഞ്ഞു. എംപിയുടെ ദുരൂഹ പണമിടപാടിൽ എസ് ഐ ടി അന്വേഷണം നടത്തണമെന്നും കെ പി ഉദയഭാനു ആവശ്യപ്പെട്ടു.
തന്ത്രി രണ്ടര കോടി രൂപയാണ് തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിച്ചത്. ഈ പണം നഷ്ടമായതിനെ കുറിച്ച് തന്ത്രി എവിടെയും പരാതി നൽകാതിരുന്നതിൽ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ബാങ്ക് പൊട്ടി പണം നഷ്ടമായിട്ടും ഈ പണത്തെ കുറിച്ച് തന്ത്രി ചോദ്യംചെയ്യലിലും ഒന്നും പറഞ്ഞിട്ടില്ല. ഈ ബാങ്കിൽ നിന്ന് ആന്‍റോ ആന്‍റണി എംപി രണ്ടര കോടി രൂപ എടുത്തതായി ആരോപണമുണ്ടെന്ന് ഉദയഭാനു പറയുന്നു. തന്ത്രിയുമായി ആന്‍റോ ആന്‍റണിക്കുള്ള സാമ്പത്തിക ബന്ധത്തെ കുറിച്ച് എസ് ഐ ടി അന്വേഷിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച തെളിവുകളൊന്നും ഉദയഭാനു മുന്നോട്ടുവയ്ക്കുന്നില്ല. ആന്‍റോ ആന്‍റണിക്കെതിരെ നാട്ടിൽ ഇങ്ങനെയൊരു ആരോപണം ഉണ്ട് എന്നാണ് ഉദയഭാനു പറയുന്നത്.


