
ബത്തേരി: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിൽ ( battery election bribe case) ജെആർപി അധ്യക്ഷ സികെ ജാനുവിന്റെയും (ck janu) ബി ജെ പി (bjp) വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിൾ പരിശോധിക്കും. ഇരുവരോടും നവംബർ അഞ്ചിന് കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരാകാൻ ബത്തേരി കോടതി ഉത്തരവിട്ടു.
നേരത്തെ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേസിലെ പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്‍റെയും ശബ്ദ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
സുരേന്ദ്രൻ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയിൽ വച്ച് 25 ലക്ഷം രൂപയും ജാനുവിന് നൽകിയെന്നാണ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്. ഇത് തെളിയിക്കാൻ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു. ഇതിന്റെ ആധികാരികത പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
മാർച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങൾ എന്ന വ്യാജേനെയാണ് ജാനുവിന് നൽകിയത്. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി കെ ജാനു സ്വന്തം ആവശ്യങ്ങൾക്കായി മാറ്റിയെന്നും പ്രസീത പറയുന്നു. കോഴ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പ്രസീത കൈമാറിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam