
പത്തനംതിട്ട: സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. ഉയന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയിൽ ആവർത്തിച്ചു. സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കി.
ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം. ഇക്കാര്യത്തിൽ സംഘടന പരാതിയുമായി മുന്നോട്ട് വന്നാൽ ഷാജ് കിരണിനെതിരെ കേസെടുത്ത് നടപടിയാക്കാനാണ് പൊലീസിന്‍റെ തീരുമാനം. കൊച്ചിയിൽ തുടരുന്ന ഷാജ് കിരണിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല. എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ മാറ്റി. ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല.
അതേസമയം, രഹസ്യ മൊഴി മാറ്റാൻ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടനിലക്കാരൻ സമീപിച്ചെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരോപണ വിധേയനെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിടുക്കുകയോ ചോദ്യം ചെയ്യുകയോ വേണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കുമെതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.