
ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ വിടവാങ്ങി. സുവിശേഷ പ്രസംഗത്തിൽ ആരംഭിച്ച് ഒടുവിൽ സ്വന്തമായി ഒരു സഭ തന്നെ രൂപീകരിച്ച മതപ്രചാരകനായിരുന്നു കെ പി യോഹന്നാൻ. വിദ്യാഭ്യാസം മുതൽ ആതുരസേവനം വരെ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹം നയിച്ച ബിലിവേഴ്സ് ചർച്ചിൻ്റെ പ്രവർത്തന മണ്ഡലം.
കെ പി യോഹന്നാൻ എന്ന പേര് മലയാളികൾ കേട്ടിട്ടുണ്ടാവുക, ആത്മീയ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാവും. ചിതറിയ ചിന്തകളെ ക്രമത്തിൽ അടുക്കി, വിശ്വാസികൾക്ക് പ്രചോദനമേകാൻ പോന്ന വിധത്തിൽ അവതരിപ്പിക്കുന്ന സുവിശേഷ പ്രസംഗ പരിപാടിയായിരുന്നു ആത്മീയ യാത്ര. 1985 ൽ അതേപേരിൽ ആരംഭിച്ച റേഡിയോ പരിപാടിയിൽ നിന്നായിരുന്നു തുടക്കം. ഇന്ന് ഏഷ്യയിലുടനീളം 110 ഭാഷകളിൽ പ്രക്ഷേപണമുണ്ട്.
മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിലും സരസവും സുവ്യക്തവുമായി സംസാരിക്കാനുള്ള കഴിവ് യോഹന്നാന് അന്താരാഷ്ട്ര പ്രസിദ്ധി നൽകി. 2011-ൽ റേഡിയോ യിൽ നിന്ന് ടെലിവിഷനിലേക്കുള്ള ചുവടുമാറ്റം. ആത്മീയ യാത്ര ഇന്ന് യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവം. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചർച്ച് എന്ന പേരിൽ 2003-ൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി. യോഹന്നാൻ അതിന്റെ മെത്രാപ്പോലീത്തയും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വിവിധ ട്രസ്റ്റുകളുടെ പേരിലായി ചർച്ചിന്റെ അധീനത്തിലുള്ളത് ഇരുപതിനായിരം ഏക്കറിൽ അധികം ഭൂമിയാണ്. ഇതിന് പുറമെ, സ്‌കൂളുകൾ മുതൽ എഞ്ചിനീയറിങ്/മെഡിക്കൽ കോളേജുകൾ വരെ നീളുന്ന നിരവധി സ്ഥാപനങ്ങൾ വഴി വിദ്യാഭ്യാസ രംഗത്തും ബിലീവേഴ്‌സ് ചർച്ച് വേരുറപ്പിച്ചു. കേരളത്തിലും പുറത്തുമായി പ്രവർത്തിക്കുന്ന നിരവധി ആശുപത്രികളും ബ്രിഡ്ജസ് ഓഫ് ഹോപ്പ്, ആശാഗൃഹം എന്നീ പേരുകളിൽ പേരിൽ ശരണാലയങ്ങളും ചർച്ചിന് വേറെയുമുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് കംപാശനിലൂടെ ചർച്ച് സാമൂഹിക സേവന രംഗത്തും ഏറെ സജീവമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam