
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണിപ്പോള്‍ അനുമതി ലഭിച്ചത്. ഇത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാണ്. ബില്ലിന് അനുമതി ലഭിച്ചത് നേട്ടമാണെങ്കിലും ലോകായുക്തയുടെ അധികാരം ഇതോടെ കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകന് തല്‍സ്ഥാനത്ത് തുടരാനാകും. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത് ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും തിരിച്ചടിയായി.
ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമസഭക്ക് തള്ളാനുമാകും. ബില്ലിന് അംഗീകാരമാകുന്നതോടെ ലോകയുക്ത നിയമത്തിലെ 14ാം വകുപ്പാണ് ഇല്ലാതാകുന്നത്. രാഷ്‌ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലിൽ ഒപ്പിടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam