ബംഗാൾ സംഘർഷം: ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോർട്ട് ഇല്ലാതെയെന്ന് ഗവർണർ

By Web TeamFirst Published May 8, 2021, 8:50 PM IST
Highlights

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. എന്നാല്‍, ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് ഒരു റിപ്പോര്‍ട്ടും കൈയ്യില്‍ കരുതാതെയാണെന്ന് ഗവർണർ വിമര്‍ശിച്ചു. 

കൊൽക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ രാജ്ഭവനില്‍ വിളിച്ചുവരുത്തി ബംഗാള്‍ ഗവര്‍ണര്‍. സംഘര്‍ഷം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന അഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് നടപടി. എന്നാല്‍, ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് ഒരു റിപ്പോര്‍ട്ടും കൈയ്യില്‍ കരുതാതെയാണെന്ന് ഗവർണർ വിമര്‍ശിച്ചു. സംഘർഷം സംബന്ധിച്ച റിപ്പോർട്ട്  ഉടനെ എത്തിക്കണമെന്ന നിർദ്ദേശിച്ചതായും ഗവർണർ പ്രതികരിച്ചു. 

വോട്ടെണ്ണിലിന് പിന്നാലെ വൻ രാഷ്ട്രീയ സംഘര്‍ഷമാണ് ബംഗാളില്‍ അരങ്ങേറിയത്. ഇത് സംബന്ധിച്ച സംസ്ഥാനത്തെ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പിന്നാലെ ഏഴ് മണിക്ക് മുന്‍പായി രാജ്ഭവനില്‍ എത്തി തന്നെ കാണണമെന്ന് ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി നിലവില്‍ വിഷയം പരിഗണിക്കുന്നതിനാല്‍ കാണാനികില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.

ഭരണഘടന പദവിയിലിരിക്കുന്നയാള്‍ക്ക് വിവരം കൈമാറാനാകില്ലെന്നത് ഭരണഘടനേയും നിയമവാഴ്ചയേയും അവഹേളിക്കുന്നതാണെന്ന വിമര്‍ശനം ഗവ‍ർണര്‍ ഉയര്‍ത്തിയതോടെ കാണാനെത്തുമെന്ന് ഡിജിപിയും ചീഫ് സെക്രട്ടറിയും അറിയിച്ചു. നാടകീയത അവിടെയും അവസാനിച്ചില്ല. രണ്ടുപേരും രാജ്ഭവനില്‍ എത്തിയത് ഒരു റിപ്പോര്‍ട്ടും കയ്യില്‍ ഇല്ലാതെയാണെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ഗവർണര്‍ ട്വിറ്ററില്‍ വെളിപ്പെടുത്തി. 

നേരത്തെ ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച് പ്രത്യേക പ്രതിനിധി സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷം സംബന്ധിച്ച് റിപ്പോര്‍ട്ട് നാലംഗ സംഘം വൈകാതെ കൈമാറും. കൊല്‍ക്കത്ത ഹൈക്കോടതിയും വിഷയത്തില്‍ സർക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

തിങ്കളാഴ്ച സംഘര്‍ഷം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി പരിഗണിക്കും. ഇതിനിടെ ഇന്ന് ചേര്‍ന്ന് ആദ്യ നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത ബാനര്‍ജി ആഞ്ഞടിച്ചു. വളയാത്ത നട്ടെല്ലാണ് ബംഗാളിലേതെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി വെള്ളം പോലെ പണമൊഴുക്കിയെന്നും മമത വിമർശിച്ചു. ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നിയമസഭ സമ്മേളനം ബഹിഷ്ക്കരിച്ചു.

click me!