'കഞ്ചാവുകടത്തുകാരനാക്കി, വേദനിപ്പിച്ചത് അതാണ്', ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിയായ യുവാവിന് ക്രൂര മർദനം, പരാതി നൽകി പിതാവ്

Published : Jul 30, 2026, 08:02 AM IST
kerala police vehicle -bengaluru nursing student alleges brutal police assault in harippad

Synopsis

കഞ്ചാവ് കടത്തിയെന്ന സംശയത്തിന്‍റെ പേരിൽ നേഴ്സിങ് വിദ്യാർത്ഥിയെ വീയപുരം പൊലീസ് നടുറോഡിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി

ഹരിപ്പാട്: കഞ്ചാവ് കടത്തിയെന്ന സംശയത്തിന്‍റെ പേരിൽ നേഴ്സിങ് വിദ്യാർത്ഥിയെ വീയപുരം പൊലീസ് നടുറോഡിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. ബെംഗളൂരിൽ രണ്ടാം വർഷ നേഴ്സിങ് വിദ്യാർത്ഥിയായ മുഹമ്മദ് യാസിനെയാണ് (20) പൊലീസ് തല്ലിച്ചതച്ചത്. മർദനത്തിന് പിന്നാലെ രക്തം ഛർദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് യാസിന്‍റെ പിതാവ് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.

ഈ മാസം 22-ന് രാവിലെ 11.30-ന് കരുവാറ്റ ആയാപറമ്പ് മങ്കുഴി അടിപ്പാതയ്ക്ക് സമീപം പൊലീസ് പട്രോളിങ് നടത്തിക്കൊണ്ടിരിക്കെ യാസിൻ വന്ന കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയെന്നാണ് എഫ്ഐആറിൽ പറയുന്നത്. യാസിനൊപ്പമുണ്ടായിരുന്ന അശ്വിൻ എന്നയാൾക്കെതിരെ കാറിലിരുന്ന് കഞ്ചാവ് ബീഡി വലിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വീയപുരം പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ, പൊലീസ് കൈകാണിച്ചത് ശ്രദ്ധയിൽപ്പെടാതിരുന്നതാണെന്നും, പിന്നീട് പൊലീസ് ഫോണിൽ വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകുംവഴിയാണ് റോഡിൽവെച്ച് വളഞ്ഞുപിടികൂടി ക്രൂരമായി മർദിച്ചതെന്നും യാസിൻ പറയുന്നു. യാത്രയ്ക്കിടെ റോഡിൽ വെച്ചുകണ്ട സുഹൃത്തായ അശ്വിന് കാറിൽ ലിഫ്റ്റ് നൽകിയതാണെന്നും ഇയാളുടെ പേരിൽ നേരത്തെ കഞ്ചാവ് കേസുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും യുവാവ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ യാസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ലഹരി ഉപയോഗിച്ചതിന്‍റെ യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല. കാറിൽ നടത്തിയ പരിശോധനയിലും കഞ്ചാവോ മറ്റ് ലഹരി വസ്തുക്കളോ കണ്ടെത്താനായില്ല. എന്നിട്ടും അനധികൃത മോഡിഫിക്കേഷൻ വരുത്തിയെന്നും അശ്രദ്ധമായി വാഹനമോടിച്ചെന്നും ആരോപിച്ച് യാസിന്‍റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരിക പീഡനത്തേക്കാളുപരി, കഞ്ചാവ് കടത്തുകാരനാക്കി ചിത്രീകരിച്ച് പൊലീസ് നടത്തിയ വ്യാജ പ്രചാരണം യാസിനെ കടുത്ത മാനസിക സംഘർഷത്തിലാക്കിയിരിക്കുകയാണ്. യാതൊരു തെറ്റും ചെയ്യാത്ത വിദ്യാർത്ഥിക്ക് നേരിടേണ്ടിവന്ന കൊടിയ ശാരീരിക-മാനസിക പീഡനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൻ്റെ ഉള്ള് പൊള്ളിച്ച വയനാട് ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; മൺമറഞ്ഞത് 3 ഗ്രാമങ്ങളും 330 ജീവനുകളും, പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിതുമ്പി നാട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി