
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ച് മന്ത്രി സമീര്‍ അഹമ്മദ് ഖാൻ. മെയ് അഞ്ചിന് മരിച്ചവരുടെ വീടുകളിൽ നേരിട്ടെത്തി പണം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. പരിക്കേറ്റവരുടെ കേരളത്തിലെ ചെലവും വഹിക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് സമീര്‍ അഹമ്മദ് ഖാന്‍റെ പ്രഖ്യാപനം. ചികിത്സയിലുള്ള മലയാളികളുടെ ഡിസ്ചാര്‍ജ് വൈകും. 48 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷമായിരിക്കും ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക.
ബുധനാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണാണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചത്. സ്ഥലത്ത് ഷോപ്പിംഗിനെത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയും മഴ നനയാതിരിക്കാൻ മറ്റുള്ളവർക്കൊപ്പം സമീപത്ത് വലിച്ച് കെട്ടിയ ടാർപോളിന്‍റെ കീഴിലേക്ക് മാറി നിൽക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞ് വീണ് അതിനിടയിൽപ്പെട്ട് ഇരുവരും മരിച്ചത്. മറ്റു മൂന്ന് മലയാളികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്മിതയുടെയും ലതയുടെയുടെയും മൃതദേഹം രാമമംഗലത്ത് എത്തിച്ചപ്പോള്‍ നാടാകെ കണ്ണീരണിഞ്ഞു. സ്മിതയുടെ സംസ്കാരം വീട്ടു വളപ്പിലും ലതയുടേത് പൊതു സ്മശാനത്തിലും നടന്നു. ഇരുവരുടെയും മൃതദേഹം രാമമംഗലം ഗ്രാമപഞ്ചായത്ത് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിന്പേരാണ് അന്തിമോപചാരമര്‍പ്പിച്ചത്.
ജീവിത പരിസരങ്ങളോട് പടവെട്ടിയാണ് സ്മിത ജീവിതം കരുപിടിപ്പിച്ചത്. പരിഭവക്കെട്ടുകളുടെ ഭാരം താങ്ങി, മക്കളെ പഠിപ്പിച്ചു, രോഗിയായ ഭർത്താവിനെ പരിചരിച്ചു. വയോധികരായഅച്ഛനെയും അമ്മയെയും നോക്കി. എല്ലാം കുടുംബശ്രീയിലൂടെയാണ് എല്ലാം നടത്തിയത്. പ്രവർത്തന മികവ് മാനിച്ചു കുടുംബശ്രീ ജില്ല മിഷൻ ബെംഗളൂരുവിലേക്കുള്ള യാത്രക്ക് അയച്ചപ്പോൾ ആറ്റു നോറ്റ യാത്രകൾ നടന്ന സംതൃപ്തിയാണ് ഉണ്ടായിരുന്നത്. പക്ഷെ മഴ നനയാതിരിക്കാൻ കയറി നിന്നിടത്ത് ഒരു നാടിനെ കണ്ണീരിലാക്കാനുള്ള തുള്ളികളുണ്ടായി. അവിവാഹിതയാണ് ലത. സഹോദരനൊപ്പമായിരുന്നു താമസം. പത്തു വർഷമായി ന്യൂട്രിമിക്സ് ഉത്പാദനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാടിനും ഒരുപോലെ നോവായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam