
കണ്ണൂർ: ഇന്നലെ അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് സഹയാത്രികനും പത്രപ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 10 മുതൽ 12 വരെ കണ്ണൂർ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പൊതുദർശനം. സി പി എമ്മിന്‍റെ പ്രമുഖ നേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ദീർഘകാലം ബർലിനിൽ പത്ര പ്രവർത്തകനായിരുന്ന കുഞ്ഞനന്തൻ നായർ സി പി എമ്മിലെ വിഭാഗീയത കാലത്ത് വി എസിനായി വാദിച്ചയാളാണ്. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ച് സി പി എമ്മിലെ ഉള്ളറക്കഥകൾ വിളിച്ചു പറഞ്ഞതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പറഞ്ഞതെല്ലാം തിരുത്തി അവസാനകാലത്ത് പാർട്ടിയിൽ തിരിച്ചെത്തി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് നാല് വർഷമായി കിടപ്പിലായിരുന്നു. ബെര്‍ലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
സിപിഐ ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി, പിളർന്നപ്പോൾ സിപിഎമ്മിൽ, പിന്നീട് പുറത്ത്
ബെർലിൻ കുഞ്ഞനന്തൻ നായരുടെ ജീവിതം
97 ാം വയസിലായിരുന്നു ബെര്‍ലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചത്. കണ്ണൂര്‍ നാറാത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇ എം എസിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിലടക്കം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. 1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായർ ജനിച്ചത്. പുതിയ വീട്ടിൽ അനന്തൻ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും, ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു.
പി കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരുവെന്നാണ് ബെര്‍ലിൻ എപ്പോഴും പറയാറുണ്ടായിരുന്നത്. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്‍റെ നേതൃസ്ഥാനത്തേക്ക് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ബെര്‍ലിൻ കുഞ്ഞനന്തൻ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയജീവിതത്തിന് തുടക്കമിട്ടത്. 1943ൽ ബോംബെയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസ്സിൽ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുപ്പോൾ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തൻ സ്വന്താക്കിയിരുന്നു. 1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്. 1945- 46 കാലഘട്ടത്തിൽ ബോംബയിൽ രഹസ്യ പാർട്ടി പ്രവർത്തനം നടത്തിയ ബെര്‍ലിൻ 1948 ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി പാർടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി എമ്മിനൊപ്പമായിരുന്നു ബെര്‍ലിൻ നിന്നത്. എന്നാൽ 2005-ൽ പാർട്ടി കുഞ്ഞനന്തനെ പുറത്താക്കി. നാറാത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം ബ്രാഞ്ച് അംഗങ്ങളെല്ലാം എതിർത്തെങ്കിലും ലോക്കൽ കമ്മിറ്റി തീരുമാനം നടപ്പാക്കി.
പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കുമ്പോൾ തന്നെ പിന്നീട് അദ്ദേഹം വിഎസ് അച്യുതാനന്ദനുമായി അടുപ്പം കൂട്ടി. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെയടക്കം നിരന്തരം വിമർശിച്ചിരുന്നു ബെർലിൻ. എന്നാൽ അവസാന കാലത്ത് ബെര്‍ലിൻ വി എസുമായും അകന്നു. വി എസിന്‍റെ നടപടികൾ തെറ്റായിരുന്നുവെന്നും പിണറായി ഉൾപ്പെടുന്ന ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത കാലത്ത് പാർട്ടി നേതാക്കൾ അദ്ദേഹത്തെ കാര്യമായി പരിഗണിക്കുകയും ചെയ്തു. ബെർലിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.