
കോഴിക്കോട്: പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ആവിക്കൽത്തോട്ടിലെ മലിനജല സംസ്കരണ പ്ലാന്‍റ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് കോഴിക്കോട്ടെ എൽഡിഎഫ് ജില്ല ഘടകം. സമരത്തെ നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് ഇടതുമുന്നണി ആവിക്കൽത്തോട്ടിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. തീവ്രവാദികളുണ്ടെന്ന് മനസിലാക്കി സമരത്തിൽ നിന്ന് പിന്മാറിയ ബിജെപി നിലപാട് സ്വാഗതാർഹമാണെന്നും ഇടത് നേതാക്കൾ വേദിയിൽ പറഞ്ഞു.
കോർപ്പറേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്ന മലിനജല സംസ്കരണ പ്ലാന്‍റിനെക്കുറിച്ച് വിശദീകരിക്കാൻ വെളളയിലും തോപ്പയിലും ചേർന്ന വാർഡ് സഭകൾ അലങ്കോലമായിരുന്നു. ഇതോടെയാണ് എൽഡിഎഫ് ജില്ലാ ഘടകം വിശദീകരണ യോഗം സംഘടിപ്പിച്ചത്. ജനകീയ സമരം നടക്കുന്ന അതേയിടത്ത് തന്നെയായിരുന്നു ഇടതുമുന്നണിയുടെ വിശദീകരണ യോഗം. പ്രതിഷേധങ്ങളെ വകവയ്ക്കുന്നില്ലെന്ന് നാട്ടുകാർക്ക് മുന്നിൽ ഇടത് നേതാക്കൾ ആവർത്തിച്ചു. തീവ്രവാദ ശക്തികളുണ്ടെന്ന് മനസ്സിലാക്കി ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹമെന്നെ് സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞു. വികസന പദ്ധതികളെ എതിർത്തുതോൽപ്പിക്കാമെന്ന വ്യാമോഹം നടപ്പാവില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
പൊലീസ് നടപടികളിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും സിപിഐ നേതാക്കളും ഈ വിശദീകരണ യോഗത്തിനെത്തി. സമര സമിതിയോടൊപ്പം നിൽക്കുന്ന നാട്ടുകാർ യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ സമീപത്തെ തങ്ങളുടെ കടകളടച്ച് പ്രതിഷേധിച്ചു. തീരദേശ പാതയുടെ ഒരു വശത്തുകൂടെ ഗതാഗതം തടസ്സപ്പെടുത്തി പൊതുയോഗം സംഘടിപ്പിച്ചതിന് അൻപതോളം പേർക്കെതിരെ വെളളയിൽ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
കോഴിക്കോട് കോതിയില്‍ ആറ് ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റും ആവിക്കല്‍ തോട് എഴു ദശലക്ഷം കപ്പാസിറ്റിയുള്ള പ്ലാന്റും നിര്‍മിക്കാനാണ് അനുമതിയായിട്ടുള്ളത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ടും വകയിരുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ എംബിബിആര്‍ എന്ന നൂതന ടെക്‌നോളജി ഉപയോഗിച്ചു തന്നെയാണ് കോഴിക്കോട്ടെ രണ്ടു പ്ലാന്റുകളും വിഭാവനം ചെയ്തിരിക്കുന്നത്.