
തിരുവനന്തപുരം : സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ സംസ്ഥാനത്താകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന നടക്കുന്നത്. മദ്യത്തിന് അമിത വില വാങ്ങുന്നു, ചില ബ്രാന്റുകൾ മാത്രം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഇന്ന് വൈകുന്നേരം 6.30 മുതൽ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
തിരുവനന്തപുരം ജില്ലയിലെ 11 ഔട്ട് ലെറ്റുകളിലും എറണാകുളം ജില്ലയിലെ 10 ഔട്ട് ലെറ്റുകളിലും കോഴിക്കോട് 6 ഔട്ട് ലെറ്റുകളിലും കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോർഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉൾപ്പെടെ ആകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്.
സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള ബെബ്കോ ഔട്ട് ലെറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്നും യഥാർത്ഥ വിലയേക്കാൾ കൂടുതൽ വില ചില ഉദ്ദ്യോഗസ്ഥർ ഈടാക്കുന്നതായും, കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേൽപ്പിക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. ഇങ്ങനെ വലിയ തുകയുടെ മദ്യം കൂടുതൽ വിതരണം ചെയ്യുന്നതിന്റെ പ്രത്യുപകാരമായി മദ്യകമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലിയായി ചില ഉദ്യോഗസ്ഥർ കമ്മീഷൻ കൈപ്പറ്റുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ല. ചില ഔട്ട് ലെറ്റുകളിൽ ബില്ല് നൽകാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കൾക്ക് മദ്യം വിൽക്കുന്നുണ്ട്. ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളിൽ ഡാമേജ് ഇനത്തിൽ കാണിച്ച് ബില്ല് നൽകാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥർ പണം വീതിച്ചെടുക്കുന്നു. മദ്യക്കുപ്പി പൊതിഞ്ഞ് നൽകുന്നതിനുള്ള കടലാസ് പല ഉദ്ദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നു തുടങ്ങി നിരവധി പരാതികളാണ് ബെവ്കോ ഔട്ട് ലെറ്റുകൾക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. പരാതികൾ വ്യാപകമായതോടെയാണ് വിജിലൻസ് മാസ് റെയ്ഡ് നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam