മദ്യവിൽപനയ്ക്ക് ഓൺലൈൻ ടോക്കണുമായി ബെവ്കോ; എസ്എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാം

By Web TeamFirst Published May 11, 2020, 11:22 AM IST
Highlights

വെർച്ചൽ ക്യു മാതൃകയിൽ തിരക്ക് നിയന്ത്രിച്ച് കൊണ്ട് മുൻകൂറായി പണം അടച്ചും സമയം നിശ്ചിയിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ ആലോചിക്കുന്നത്.

തിരുവനന്തപുരം: മദ്യ വിൽപനയ്ക്ക് ഓൺലൈൻ ടോക്കണുമായി ബെവ്കോ. മദ്യശാലകളില്‍ ഓൺലൈൻ രജിസ്ട്രേഷൻ വഴി മദ്യ വിൽപ്പന നടത്തുന്നതിനെ കുറിച്ചാണ് ബെവ്കോ ആലോചിക്കുന്നത്. ഇതിനായി മികച്ച സോഫ്റ്റ് വെയർ നിർമ്മിക്കുന്ന കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട് അപ്പ്മിഷന് ബെവ്കോ നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് ബെവ്കോ എംഡി സ്റ്റാർട്ട് അപ്പ്മിഷന് കത്ത് നൽകി. എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യുന്നതും ആലോചനയിലുണ്ട്.

വെർച്ചൽ ക്യു മാതൃകയിൽ തിരക്ക് നിയന്ത്രിച്ച് കൊണ്ട് മുൻകൂറായി പണം അടച്ചും സമയം നിശ്ചിയിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ ആലോചിക്കുന്നത്. 29 കമ്പനികൾ അപേക്ഷ സമർപ്പിച്ചതായി സ്റ്റാർട്ട് അപ്പ് മിഷൻ അറിയിച്ചു. ഇതിൽ നിന്ന് മികച്ച കമ്പനിയെ തെരെഞ്ഞെടുക്കാൻ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുളളിൽ കമ്പനിയെ കണ്ടെത്തുമെന്ന് സ്റ്റാർട്ട് ആപ്പ് മിഷൻ സിജഒ സജി ഗോപിനാഥ് പറഞ്ഞു. സമാർട്ട് ഫോണിൽ ഉപയോഗിക്കുന്ന അപ്പാണ് ഉദ്ദേശിച്ചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കള്ള് ഷാപ്പിലെ പാഴ്സൽ സംവിധാനത്തിൽ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാൾക്ക് ഒന്നര ലിറ്റർ കളള് കൈവശം വെയ്ക്കാൻ അബ്കാരി ചട്ടത്തിൽ അനുമതിയുണ്ട്. കള്ള് ഷാപ്പുകളിൽ നിന്ന് മാത്രമേ വിൽപ്പന പാടുള്ളൂയെന്നതിനാൽ പ്രത്യേക ഭേദഗതി വേണ്ടന്നാണ് നിയമോപദേശം.

 

 

click me!