ഇടുക്കിയിൽ പൊലീസുകാർക്ക് ഇരട്ട പ്രഹരം; തീയ്യതി നിശ്ചയിക്കാത്ത സമ്മേളനത്തിന്റെ പേരിലും ശമ്പളം പിടിച്ചു

By Web TeamFirst Published May 11, 2020, 8:47 AM IST
Highlights

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ ആറ് ദിവസത്തെ ശമ്പളം പിടിച്ചതിന് പുറമെയാണ് ഒരു ദിവസത്തെ വേതനം പിടിച്ചിരിക്കുന്നത്

ഇടുക്കി: പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളന നടത്തിപ്പിനായി ഒരു ദിവസത്തെ ശമ്പളം പിടിച്ചതിൽ പൊലീസുകാർക്കിടയിൽ അമർഷം. ഡേറ്റ് പോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിന്റെ പേരിലാണ് ഒരു ദിവസത്തെ ശമ്പളം പിടിച്ചത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ ആറ് ദിവസത്തെ ശമ്പളം പിടിച്ചതിന് പുറമെയാണ് ഒരു ദിവസത്തെ വേതനം പിടിച്ചിരിക്കുന്നത്. ഇതോടെ ഇക്കുറി ശമ്പളത്തിൽ ഏഴ് ദിവസത്തെ തുക കുറഞ്ഞു. രണ്ട് തരത്തിൽ പണം കുറഞ്ഞതോടെ കടുത്ത ബാധ്യതയെന്നാണ് പൊലീസുകാർ പറയുന്നത്. പ്രതിഷേധമുണ്ടെങ്കിലും പ്രതികാര നടപടി ഭയന്ന് പലരും പരസ്യമായി രംഗത്തെത്തുന്നില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ് ദിവസത്തെ തുക ഈടാക്കിയതോടെ ശമ്പളത്തിന്റെ നല്ലൊരു ഭാഗമാണ് പൊലീസുകാർക്ക് മാറികിട്ടിയത്. കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ ബത്ത ഉൾപ്പടെയുള്ള പല അലവൻസുകളും റദ്ദാക്കിയിരുന്നു. ഭവന വായ്പകൾ അടക്കമുള്ളവയ്ക്ക് മൊറട്ടോറിയം ഉണ്ടെന്ന് അറിയിപ്പ് വന്നെങ്കിലും ഇത്തവണയും പിടുത്തമുണ്ടായി.

കടുത്ത സാമ്പത്തിക ഞെരുക്കത്തിലിരിക്കെയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനത്തിന്റെ പേരിൽ ഒരു ദിവസത്തെ ശമ്പളം പിടിച്ചത്. എക്സ്റ്റേണൽ റിക്കവറി എന്ന പേരിലാണ് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്ന് ആയിരം രൂപയിലധികമുള്ള പിടുത്തം. ഡേറ്റ് പോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിനായി എന്തിന് തിടുക്കപ്പെട്ട് ഫണ്ട് പിരിവെന്നാണ് പൊലീസുകാരുടെ ചോദ്യം. എന്നാൽ പരസ്യമായി ചോദിക്കാൻ ആവില്ല. ഈ സാഹചര്യത്തിൽ എതെങ്കിലും തരത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കാനാണ് പൊലീസുകാരുടെ ശ്രമം.

click me!