കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ്; നിയമപ്രശ്നമാകുമോ, കുപ്പി കിട്ടിയേക്കും, പക്ഷെ യാത്ര നടക്കില്ല.!

By Web TeamFirst Published Sep 4, 2021, 6:31 PM IST
Highlights

 കെഎസ്ആര്‍ടിസി സ്റ്റാന്‍റിലെ കോംപ്ലക്സില്‍ നിന്ന് മാത്രമല്ല, എവിടുന്ന് മദ്യം വാങ്ങിയും കെഎസ്ആര്‍ടി ബസില്‍ കയറാന്‍ പറ്റില്ലെന്നാണ് നിയമം പറയുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔ‍ട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നിൽക്കുന്നതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക. ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി പറഞ്ഞു.  ഒഴിവുള്ള കടകൾ ആവശ്യപ്പെട്ടാൽ നിയമപരമായി നൽകേണ്ടി വരും. തീരുമാനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണ കാരണം ഉള്ളതാണെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു. 

പക്ഷെ കെഎസ്ആര്‍ടിസി സ്റ്റാന്‍റിലെ കോംപ്ലക്സില്‍ നിന്ന് മാത്രമല്ല, എവിടുന്ന് മദ്യം വാങ്ങിയും കെഎസ്ആര്‍ടി ബസില്‍ കയറാന്‍ പറ്റില്ലെന്നാണ് നിയമം പറയുന്നത്. മിതിലേറ്റഡ് സ്പിരിറ്റ്, മദ്യം എന്നിവ കെഎസ്ആര്‍ടിസി യാത്രയ്ക്കിടയില്‍ കൈയ്യില്‍ വയ്ക്കുന്നതില്‍ വിലക്കുണ്ട്. ലഹരിമരുന്ന്, പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയ്ക്കും വിലക്കുണ്ട്.

ടര്‍പെന്‍റെന്‍, ആസിഡുകള്‍,ചാര്‍ക്കോള്‍, കരി, കരിക്കട്ട, സള്‍ഫര്‍, വെടിമരുന്ന് സാമഗ്രികള്‍, അടച്ച് വയ്ക്കാത്ത സിനിമ ഫിലിം, പായ്ക്ക് ചെയ്യാത്ത പഞ്ഞി ഇവയും കെഎസ്ആര്‍ടിയില്‍ വിലക്കുണ്ട്. ഇവയെല്ലാം സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായുള്ള വിലക്കുകളാണ്.

അതേ സമയം ബസ് സ്റ്റാന്‍റിലിരുന്ന് മദ്യപിക്കുന്നത് പൊതുസ്ഥലത്ത് മദ്യപിക്കുന്നതായി കാണിച്ച് കേസ് എടുക്കാവുന്ന വകുപ്പാണ്. മദ്യപിച്ച് ബസില്‍ കയറി ബഹളമുണ്ടാക്കിയാലും അത് കേസ് എടുക്കാവുന്ന വകുപ്പാണ്. 

അതേ സമയം കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ ബീവറേജ് ഔട്ട്വെറ്റുകള്‍ തുറക്കുന്നത് നിയമപ്രശ്നമായില്ലെങ്കിലും. മദ്യം വാങ്ങേണ്ടവര്‍ സ്വന്തം വാഹനത്തിലോ, അല്ലെങ്കില്‍ നടന്നോ വന്നുവാങ്ങേണ്ടി വരും. യാത്രക്കാരെ ഉദ്ദേശിച്ചാണെങ്കില്‍ അതില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ട്. മദ്യം വാങ്ങി കെഎസ്ആര്‍ടിസിയില്‍ യാത്ര നടക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം കെഎസ്ആർടിസി യിൽ ബെവ്കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടൻ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!