
തിരുവനന്തപുരം: കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിൽ മദ്യവിൽപനയ്ക്കുള്ള ഓൺലൈൻ സംവിധാനമായ ബെവ് ക്യൂ ആപ്പ് തയ്യാർ. ഇന്ന് രാവിലെ നടത്തിയ ട്രയൽ റണ്ണിൽ അത്ഭുതകരമായ പ്രതികരണമാണ് ബെവ്ക്യൂ ആപ്പിന് ലഭിച്ചത്. ഏതാനും നിമിഷങ്ങൾ മാത്രം പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയ ബെവ്ക്യൂ ആപ്പിൻ്റെ ബീറ്റാ വേർഷൻ ആയിരങ്ങളാണ് ഡൗൺലോഡ് ചെയ്തത്.
രണ്ട് മിനിറ്റിൽ ഇരുപതിനായിരത്തോളം പേർ ബെവ് ക്യൂ ആപ്പിൻ്റെ ബീറ്റാവേർഷൻ ഡൗൺലോഡ് ചെയ്തെന്ന് നിർമ്മാതാക്കളായ ഫെയർകോഡ് കമ്പനി അറിയിച്ചു. നിലവിൽ ബീറ്റാ ആപ്പ് പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗൺലോഡ് ചെയ്യാനാവില്ല. ആപ്പ് ഡൗൺലോഡ് ചെയ്തവർ മദ്യം വാങ്ങാനുള്ള ടോക്കൺ എടുത്തെങ്കിലും അതെല്ലാം ഇന്നത്തെ തീയതിക്കുള്ള ടോക്കണുകളാണെന്നും അവയൊന്നും തന്നെ വാലിഡ് അല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 3.30-ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ആപ്പിൻ്റെ വിശദവിവരങ്ങൾ പുറത്തു വിടും. ഇതിനു ശേഷം ഔദ്യോഗികമായി പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബെവ് ക്യൂ ആപ്പ് ലഭ്യമാകും. 35 ലക്ഷം പേർക്ക് വരെ ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പ് സജ്ജമാക്കിയത് എന്നാണ് നിർമ്മാതാക്കളായ ഫെയർകോഡ് സൊല്യൂഷൻസ് അവകാശപ്പെടുന്നത്.
നാളെ മുതലാണ് സംസ്ഥാനത്ത് മദ്യവിൽപന പുനരാരംഭിക്കുന്നത്. മദ്യവിൽപന തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രസഭായോഗം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 303 ബെവ്കോ - കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും വൈൻ പാർലറുകളുടേയും ആപ്പിൽ ലഭ്യമാണ്.
പിൻകോഡ് വഴി ഉപഭോക്താവിന് അടുത്തുള്ള മദ്യവിൽപനശാലയിൽ പ്രവേശിക്കാനുള്ള ടോക്കൺ ആപ്പിലൂടെ ലഭിക്കും. ഇതുമായി നിർദേശിക്കപ്പെട്ട മദ്യവിൽപനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിലും പ്ലേ സ്റ്റോറിലും കഴിഞ്ഞ ഒരാഴ്ചയായി ഈ ആപ്പിനായി സെർച്ച് ചെയ്ത് കാത്തിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam