ബെവ്ക്യു ആപ്പ്: മൂന്ന് ഒടിപി സേവനദാതാക്കളെ കൂടി കണ്ടെത്തി, തകരാറുകൾ പരിഹരിച്ചെന്നും കമ്പനി

By Web TeamFirst Published May 28, 2020, 8:05 PM IST
Highlights

നാളേക്കുള്ള ബുക്കിങിന്റെ സമയം ഉടൻ അറിയിക്കും. മൂന്ന് ഒടിപി സേവന ദാതാക്കളെ കണ്ടെത്തി. ഐഡിയ, ടാറ്റ, വീഡിയോകോൺ എന്നീ കമ്പനികളാണിവ

കൊച്ചി: മദ്യവിതരണത്തിനുള്ള ടോക്കണിനായി പുറത്തിറക്കിയ ബെവ്ക്യു ആപ്ലിക്കേഷന്റെ തകരാറുകളെല്ലാം പരിഹരിച്ചെന്ന് ആപ്പിന് രൂപം നൽകിയ ഫെയർകോഡ് കമ്പനി. എസ്എംഎസ് വഴിയുള്ള ബുക്കിങിന് ഇതുവരെ നേരിട്ട പരാതികളെല്ലാം പരിഹരിക്കപ്പെട്ടു.

നാളേക്കുള്ള ബുക്കിങിന്റെ സമയം ഉടൻ അറിയിക്കും. മൂന്ന് ഒടിപി സേവന ദാതാക്കളെ കണ്ടെത്തി. ഐഡിയ, ടാറ്റ, വീഡിയോകോൺ എന്നീ കമ്പനികളാണിവ. ഇന്ന് മാത്രം 15 ലക്ഷം പേർ ബെവ്‌ക്യുവിൽ രജിസ്റ്റർ ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇന്ന് മാത്രം വൈകിട്ട് ആറര വരെ ഒൻപത് ലക്ഷം അപ്ഡേറ്റുകളാണ് നടന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ സേർച് ചെയ്യുമ്പോൾ ആപ്പ് കാണുന്നതിന് ഇനിയും സമയമെടുക്കുമെന്നും pub:Kerala State Beverages Corporation എന്ന് തിരഞ്ഞാൽ ആപ്പ് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ന് സംസ്ഥാനത്തൊട്ടാകെ വലിയ ആശയകുഴപ്പമാണ് നേരിട്ടത്. ബെവ്കോ ഔട്ട് ലെറ്റുകളിലും ബാറുകളിലും ലോഗിൻ ഐഡിയും ഒടിപിയും അടക്കമുള്ളവ കിട്ടാതെ വന്നതോടെ വിൽപ്പന തുടങ്ങാൻ വൈകി. ബാറുകളിൽ പലയിടത്തും ഉച്ചയോടെ സ്റ്റോക്ക് തീർന്നത് ബഹളത്തിനിടയാക്കി. ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.

സമയത്തിന് മദ്യംകിട്ടാതെ വന്നവർ ബഹളം വെച്ചു. ബാറുകളിൽ പലയിടത്തും ആപ്പ് പ്രവർത്തനരഹിതമായി. ബെവ്കോ ഔ‍ട് ലെറ്റുകളിൽ എത്തിയ പലർക്കും ലോഗിനും ഐഡിയും പാസ്‌വേഡും ഇല്ലായിരുന്നു. ആളുകളുടെ നിര കൂടിയതോടെ സാമൂഹിക അകലത്തിനായി പലയിടത്തും പൊലീസ് ഇടപെട്ടു. കാര്യം നടക്കാൻ ഒടുവിൽ ക്യൂ ആ‍ർ കോ‍ഡ് സ്കാൻ ചെയ്യാതെ തന്നെ മദ്യ വിതരണം തുടങ്ങി. ഉച്ചയോടെ പല ബാറുകളിലും സ്റ്റോക് തീർന്നു. ടോക്കണുമായെത്തിവർ ബഹളം വെച്ചു. കൊച്ചിയിൽ ചില പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകളിൽ വിറ്റത് ഉയർന്ന വിലക്കുള്ള മദ്യം മാത്രമായിരുന്നു. ഇതോടെ വാങ്ങനെത്തിയവർ നക്ഷത്രമെണ്ണി. മദ്യം വാങ്ങാൻ ടോക്കൺ എടുക്കാത്തവരും ഉണ്ടായിരുന്നു.

click me!