അഞ്ച് മണി പിന്നിട്ടിട്ടും കാണുന്നില്ല; ബെവ്ക്യൂ ആപ്പ് എവിടെയെന്ന് ചോദിച്ച് ആളുകള്‍

By Web TeamFirst Published May 27, 2020, 5:30 PM IST
Highlights

ബെവ് ക്യു ആപ്പ് ഇന്ന് അഞ്ച് മണി മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചിരുന്നത്. ആപ്പിന്റെ പ്രവർത്തനം തൃപ്തികരമാണോയെന്ന് ഇന്ന് വൈകിട്ട് ആറര മുതൽ അറിയാമെന്നും അവർ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം:  സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള ടോക്കൺ ലഭിക്കുന്നതിനായി ഏർപ്പെടുത്തിയ ബെവ് ക്യു ആപ്പ് അഞ്ച് മണിക്കും പ്ലേസ്റ്റോറില്‍ എത്തിയില്ല. ബെവ് ക്യു ആപ്പ് ഇന്ന് അഞ്ച് മണി മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചിരുന്നത്. ആപ്പിന്റെ പ്രവർത്തനം തൃപ്തികരമാണോയെന്ന് ഇന്ന് വൈകിട്ട് ആറര മുതൽ അറിയാമെന്നും അവർ വ്യക്തമാക്കിയിരുന്നു.

നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുമെന്നാണ് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചത്. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബിവറേജസ് കൗണ്ടറുകൾ പൂട്ടും. ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്.

മദ്യത്തിന്‍റെ ടോക്കൺ ബുക്കിംഗിനും നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബിവറേജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

ഫെയർ കോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ടോക്കൺ വിതരണത്തിനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഇവരെ തെരഞ്ഞെടുത്തത് സുതാര്യമായ പ്രക്രിയയിലൂടെയാണ്. 301 ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്. ഇതിന് പുറമേ, 576 ബാർ ഹോട്ടലുകൾ വഴിയും (612 എണ്ണത്തിൽ 576 ബാർ ഹോട്ടലുകൾക്കാണ് അനുമതി), 360 ബിയർ - വൈൻ പാർലറുകൾ വഴിയും മദ്യവിൽപ്പന നടത്തും.

click me!