
തിരുവനന്തപുരം: വൻ ആസൂത്രണത്തോടെയുള്ള പുതിയ തരം സൈബർ തട്ടിപ്പുകളുടെ കാലമാണിത്. തികഞ്ഞ ജാഗ്രത കാണിച്ചില്ലെങ്കിൽ സമ്പാദ്യമെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ടമാകുന്ന സാഹചര്യം. വ്യാജ കൊറിയർ ഭീഷണി കോളുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോർഡ് വോയിസ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്താനും ആവശ്യപ്പെടും. ഇത് അമർത്തുന്നതോടെ കോൾ തട്ടിപ്പുകാർക്ക് കണക്ട് ആവും. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, ലഹരിവസ്തുക്കൾ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവർ പറയും. ഈ കോൾ കസ്റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോൾ മറ്റൊരാളിന് കൈമാറും. തീവ്രവാദബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് വീണ്ടും നിങ്ങളെ ഭീഷണിപ്പെടുത്തിയേക്കുമെന്നും പൊലീസ് വിശദീകരിച്ചു.
പറഞ്ഞ കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിനായി കസ്റ്റംസ് ഓഫീസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകൾ എന്നിവ അവർ നിങ്ങൾക്ക് അയച്ചുതരും. കസ്റ്റംസ് ഓഫീസറുടെ ഐഡി കാർഡ് വിവരങ്ങൾ വെബ്സൈറ്റിൽ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരു ഓഫീസർ ഉണ്ടെന്ന് വ്യക്തമാകും. ഇതോടെ നിങ്ങൾ സ്വന്തം സമ്പാദ്യ വിവരങ്ങൾ വ്യാജ കസ്റ്റംസ് ഓഫീസർക്ക് കൈമാറുന്നതോടെ തട്ടിപ്പുകാർ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
നിങ്ങൾ സമ്പാദിച്ച തുക നിയമപരമായി ഉള്ളതാണെങ്കിൽ സമ്പാദ്യത്തിന്റെ 80 ശതമാനം ഡെപ്പോസിറ്റ് ആയി നൽകണമെന്നും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം സമ്പാദ്യം നിയമപരമാണെങ്കിൽ തിരിച്ചുനൽകും എന്നും നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കും. ഇതു വിശ്വസിച്ച് ഇവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവർ തട്ടിപ്പിന് ഇരയാകുന്നു. ഇത്തരം തട്ടിപ്പിൽ വീണുപോകാതിരിക്കാൻ ജാഗ്രത പാലിക്കണം.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്യുന്നുവോ, തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam