കൊവിഡ് കാലത്ത് അശ്വാസമായി 'അപ്പോത്തിക്കരി'; ജനങ്ങളെ ചേര്‍ത്തുപിടിച്ച് ബേപ്പൂര്‍ എംഎല്‍എ

By Web TeamFirst Published May 16, 2021, 2:54 PM IST
Highlights

കൊവിഡ് രോഗികൾക്ക് പുറമെ ജനറൽ മെഡിസിൻ, ഫാമിലി മെഡിസിൻ, ഇഎൻടി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ ചികിത്സയും അപ്പോത്തിക്കരി പദ്ധതിയിലൂടെ ഉറപ്പാക്കും.

കോഴിക്കോട്: കൊവിഡും ലോക്ഡൗണും കാരണം ആശുപത്രിയിൽ എത്താൻ കഴിയാത്ത രോഗികൾക്ക് ആശ്വാസവുമായി ബേപ്പൂർ നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസ്. രോഗികളുടെ വീടുകളിൽ നേരിട്ടെത്തി ചികിത്സ ഉറപ്പാക്കാനായി  അപ്പോത്തിക്കിരി എന്ന പദ്ധതിയാണ് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്. 

കൊവിഡ് രോഗികൾ കൂടിയതോടെ ആശുപത്രിയിൽ പോകാൻ മടിക്കുന്നവർക്കും ലോക്ഡൗണിൽ ആശുപത്രികളിലെത്താൻ കഴിയാത്തവർക്കുമായുള്ള സൗകര്യമാണ് അപ്പോത്തിക്കിരിയിലൂടെ ഉറപ്പാക്കുന്നതെന്ന് റിയാസ് പറയുന്നു. ചികിത്സ വേണ്ടവരെ നേരിട്ട് കാണും. അതിനായി ഡോക്ടർമാരും നഴ്സും മിനി ഫാർമസിയും തയ്യാർ. ആവശ്യമുള്ളവർക്ക് പരിശോധനകൾക്കായി മിനി ലാബും സജ്ജീകരിച്ചിട്ടുണ്ട്. ബേപ്പൂർ നിയോജകമണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനമായ നമ്മുടെ ബേപ്പൂർ പദ്ധതിയുടെ ഭാഗമാണ് പുതിയ ആശയം.

കൊവിഡ് രോഗികൾക്ക് പുറമെ ജനറൽ മെഡിസിൻ, ഫാമിലി മെഡിസിൻ, ഇഎൻടി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ ചികിത്സയും ഉറപ്പാക്കും. പരിശോധനയ്ക്കായി നേരത്തെ ബുക്ക് ചെയ്യണം. പരിശോധനയ്ക്ക് ശേഷം ആവശ്യമായ മരുന്നും നൽകും. അത്യാവശ്യമെങ്കിൽ ആശുപത്രികളിലെത്തിക്കാനുള്ള സൗകര്യവുമൊരുക്കും. മുഴുവൻ സമയം രോഗികൾക്ക് ടെലി മെഡിസിൻ സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ഒരു കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!