ലോക്ക്ഡൗണിൽ ഭാഗവത പാരായണം: ബിജെപി സംസ്ഥാന സമിതി അംഗം അടക്കം അറസ്റ്റിൽ

By Web TeamFirst Published May 8, 2020, 10:34 AM IST
Highlights

ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം ലോക്ക് ഡൗൺ തുടങ്ങിയിട്ടും അടച്ചിരുന്നില്ല. 

തൃശ്ശൂർ: തൃശ്ശൂരിലെ ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് ബിജെപി സംസ്ഥാന സമിതി അംഗം അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് വിലക്ക് ലംഘിച്ച് ഭാഗവത പാരായണം നടന്നത്. 

രാവിലെ 7.30 ക്ക് ആയിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 ലേറെ ആളുകളാണ് ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ക്ഷേത്രത്തിൽ ഒത്തുകൂടിയത്. വിവരമറിഞ്ഞ് എരുമപ്പെട്ടി സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയതോടെ വിശ്വാസികൾ ചിതറിയോടി. ക്ഷേത്രത്തിലേക്ക് വന്നു കൊണ്ടിരുന്നവരെ പൊലീസ് തിരിച്ചയച്ചു.

സംഭവത്തിൽ ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് എരുമപ്പെട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. പൂജാരിക്കെതിരെയും കേസെടുത്തു. ക്ഷേത്രത്തിലെത്തിയ കുട്ടികളെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ആർഎസ്എസ് ശക്തികേന്ദ്രമാണ് പ്രദേശം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം ലോക്ക് ഡൗൺ തുടങ്ങിയിട്ടും അടച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രം ലോക്ക് ഡൗണിലും സാധാരണപോലെ പ്രവർത്തിച്ചു വന്നിരുന്നു. ദിവസവും ദര്‍ശനത്തിനായി വിശ്വാസികൾ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രദേശത്തെ മറ്റ് ചില ക്ഷേത്രങ്ങളിലും വിലക്ക് ലംഘിച്ച് ആളുകൾ ഒത്തുകൂടുന്നത് ജില്ല ഭരണകൂടത്തിന് തലവേദനയായിട്ടുണ്ട്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ജില്ലയിൽ പ്രാർത്ഥനക്ക് ആളുകൾ ഒത്ത് കൂടുന്നത് പതിവാകുകയാണ്. തൃശൂർ കുന്നംകുളത്ത് ആയമുക്ക് ജുമാ മസ്ജിദിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ ചാവക്കാട് മസ്ജിദിലും സമാനപ്രശ്നം ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ചാവക്കാട് പ്രാർത്ഥനക്ക് എത്തിയവരെ അറസ്റ്റ് ചെയ്തത്.

click me!