
മലപ്പുറം: ഭാരത് ജോഡ്ഡോ യാത്ര മുൻനിശ്ചയിച്ച പോലെ തുടരുമെന്ന് കോൺഗ്രസ്സ് നേതൃത്വം അറിയിച്ചു. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മരണം കണക്കിലെടുത്ത് ഇന്നത്തെ യാത്ര റദ്ദാക്കുന്ന കാര്യം ആലോചിച്ചെങ്കിലും ആര്യാടൻ്റെ കുടുംബവുമായി കൂടിയാലോചന നടത്തിയ ശേഷം ഭാരത് ജോഡ്ഡോ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു. ദേശീയയാത്രയായതിനാൽ ഭാരത് ജോഡ്ഡോ നിർത്തരുതെന്ന വിലയിരുത്തലിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്നോടെ തൃശ്ശൂർ ജില്ലയിലെ ഭാരത് ജോഡ്ഡോ യാത്രയ്ക്ക് സമാപനമാവുകയാണ്. ആര്യാടന് ആദരാഞ്ജലി അർപ്പിക്കാൻ രാഹുൽ നിലമ്പൂരിലേക്ക് പോയിട്ടുണ്ട്. വൈകിട്ട് നാലോടെ അദ്ദേഹം മടങ്ങിയെത്തിയ ശേഷം യാത്ര വീണ്ടും പുനരാരംഭിക്കും.
ആര്യാടൻ മുഹമ്മദിന്റെ വിയോഗം ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടം: സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മുതിർന്ന കോൺഗ്രസ്സ് നേതാവ് ശ്രീ ആര്യാടൻ മുഹമ്മദിൻ്റെ വേർപ്പാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടവും, മതേതര ചേരിക്ക് ഏറെ ആഘാതവുമുണ്ടാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നവകേരളത്തിൻ്റെ പുരോഗതിയിലും കോൺഗ്രസ്സ് പാർട്ടിയുടെ വളർച്ചയിലും വലിയ പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മുൻനിര പോരാളിയായിരുന്ന അദ്ദേഹം
കർമ്മനിരതനായ സംഘാടകനും, മികച്ച ഭരണാധികാരിയും, ആരേയും ആകർഷിക്കുന്ന പ്രസംഗ വൈഭവത്തിനുടമയുമായിരുന്നു. അടുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞാക്കയായിരുന്ന അദ്ദേഹത്തിൻ്റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തുന്നതായി തങ്ങൾ പറഞ്ഞു.
ആര്യാടൻ്റെ വിയോഗത്തിൽ ഗവർണർ അനുശോചിച്ചു
തിരുവനന്തപുരം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. "പുരോഗമനപരവും മതേതരവുമായ സമീപനവും ജനഹിതം നന്നായി അറിഞ്ഞുള്ള പ്രവർത്തനവും കൊണ്ട് സർവരുടെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹം" എന്ന് ഗവർണർ അനുസ്മരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam