മതേതര നിലപാടുകൊണ്ട് ജനഹിതം അറിഞ്ഞ നേതാവായിരുന്നു ആര്യാടനെന്ന് ​ഗവർണർ

Published : Sep 25, 2022, 11:01 AM IST
മതേതര നിലപാടുകൊണ്ട് ജനഹിതം അറിഞ്ഞ നേതാവായിരുന്നു ആര്യാടനെന്ന് ​ഗവർണർ

Synopsis

സർവരുടെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹം എന്ന് ഗവർണർ അനുസ്മരിച്ചു

തിരുവനന്തപുരം : മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.  "പുരോഗമനപരവും മതേതരവുമായ സമീപനവും  ജനഹിതം നന്നായി  അറിഞ്ഞുള്ള പ്രവർത്തനവും കൊണ്ട് സർവരുടെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹം" എന്ന് ഗവർണർ അനുസ്മരിച്ചു.

 

തീരാ നഷ്ടം , തികഞ്ഞ മതേതരവാദി,സാധാരണക്കാരുടെ നേതാവ്-അനുസ്മരിച്ച് എകെ ആന്റണിയും കെ സുധാകരനും

തിരുവനന്തപുരം : മുൻ കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോ​ഗം തീരാ നഷ്ടം ആണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി . ഹൃദയ ബന്ധമുള്ള ആത്മ സുഹൃത്തിനെയാണ് നഷ്ടമായത് . ആര്യാടന്റെ സംഭാവന കേരളത്തിന് മറക്കാനാവില്ല. എവിടെയെല്ലാം തീവ്രവാദം തല പൊക്കുന്നുവോ അവിടെ എല്ലാം മുഖം നോക്കാതെ അദ്ദേഹം അഭിപ്രായം പറഞ്ഞു . ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ എതിർത്തു . ജയ പരാജയമോ ഭാവിയോ നോക്കാതെ ധൈര്യപൂർവ്വം അഭിപ്രായം പറഞ്ഞു . കോൺഗ്രസിന് വേണ്ടി മരിക്കാൻ തയ്യാറായിരുന്നു. തൊഴിലാളി വർഗത്തിന് വേണ്ടി പോരാടുന്ന വ്യക്തിയായിരുന്നു . മികച്ച തൊഴിൽ - വൈദ്യുതി മന്ത്രിയായിരുന്നുവെന്നും എ കെ ആന്റണി അനുസ്മരിച്ചു. 

ആര്യാടന്‍ മുഹമ്മദിന്റെ  നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

ഏഴുപതിറ്റാണ്ട് കോണ്‍ഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതത്തിനാണ് വിരാമമായത്. കോണ്‍ഗ്രസ് വികാരം നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. അഗാതമായ അറിവും രാഷ്ട്രീയ നിലപാട് തന്റെടത്തോടെ ആരുടെ മുന്‍പിലും പറയാനുള്ള ധൈര്യവുമാണ് മറ്റുള്ള നേതാക്കളില്‍ നിന്നും ആര്യാടനെ വ്യത്യസ്തനാക്കിയത്. കോണ്‍ഗ്രസിന്റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്‌ക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ച പറഞ്ഞ നേതാവ്. യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്നും ആവേശം പകര്‍ന്ന് സാധാരണക്കാരുടെ നേതാവായി വളര്‍ന്ന വ്യക്തിയാണ് ആര്യാടന്‍. ജനം അതിന് നല്‍കിയ അംഗീകാരമായിരുന്നു നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തെ എട്ടുതവണ  നിമയസഭയിലേക്ക് അയച്ചത്. കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവ് കൂടിയായിരുന്നു അദ്ദേഹം.

മികച്ച ഭരണകര്‍ത്താവും സമാജികനുമായിരുന്നു ആര്യാടന്‍.പുതുതലമുറയ്ക്ക് മാത്യകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. തൊഴില്‍വകുപ്പ് മന്ത്രിയായിരിക്കെ അദ്ദേഹമാണ് തൊഴില്‍ രഹിത വേതനവും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കിയത്.ഏത് പ്രതിസന്ധിഘട്ടത്തിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിലും ആര്യാടന്‍ കാട്ടിയിട്ടുള്ള കഴിവും ദീര്‍ഘവീക്ഷണവും കാലം എന്നും ഓര്‍മ്മിക്കും.മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തുന്നതില്‍ ആര്യാടന്റെ പങ്ക് വളരെ വലുതാണ്.ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയും ആരോഗ്യസ്ഥിതി ചോദ്യച്ചറിയുകയും ചെയ്തിരുന്നു.എന്നും പോരാട്ടം ജീവിതം നയിച്ചിട്ടുള്ള ആര്യാടന്‍ ആരോഗ്യ പ്രതിസന്ധിയെ അതിജീവിച്ച് മടങ്ങിവരുമെന്നാണ് മറ്റെല്ലാവരെപ്പോലെ ഞാനും വിശ്വസിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള ദേഹവിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആര്യാടന്‍ ഒഴിച്ചിട്ട ഇടം ആര്‍ക്കും നികത്താന്‍ സാധിക്കാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്
'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ