
തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ ഗവർണ്ണറുടെ പരിപാടിയുടെ സംഘാടകർക്കെതിരെ നടപടിക്ക് സർവ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം. റദ്ദാക്കിയിട്ടും പരിപാടി തുടർന്നുവെന്ന് സർവകലാശാല വിമർശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സർവ്വകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ഗവർണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രതിഷേധം ശക്തമായിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇന്നലെ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ ചിത്രം വച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം വൻ സംഘർഷമായി മാറിയിരുന്നു. ഗവർണർക്കെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് എസ്എഫ്ഐയുടെയും കെഎസ്‍യുവിന്റെയും തീരുമാനം. അതേസമയം, ഭാരതാംബ ചിത്രം വച്ചുള്ള പരിപാടി അനുവദിക്കില്ലെന്ന് സർവകലാശാല രജിസ്ട്രാർ നിലപാട് എടുത്തതിൽ രാജ്ഭവന് അതൃപ്തിയുണ്ട്. ഇതിൽ രാജ്ഭവന്റെ തുടർനീക്കം പ്രധാനമാണ്. അതിനിടെ കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങ് ഉച്ചക്ക് തൃശ്ശൂരിൽ നടക്കും. ഭാരതാംബ വിവാദത്തിന് ശേഷം ഗവർണറും മന്ത്രി പി പ്രസാദും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി കൂടിയാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam