
കോഴിക്കോട്: കോണ്‍ഗ്രസ് തള്ളിപ്പറയുമ്പോഴും പിവി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കാതെ മുസ്ലീം ലീഗ്. അൻവറിനെ യുഡിഎഫിൽ എടുക്കണോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ലീഗ് നേതാവ് എംകെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അൻവർ നേടിയ വോട്ടും അൻവർ ഉന്നയിച്ച വിഷയങ്ങളും നിസ്സാരമായി കാണുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അൻവർ നടത്തിയ വിമർശനങ്ങളാണ് കാര്യങ്ങൾ വഷളാക്കിയതെന്നും എംകെ മുനീർ പറഞ്ഞു. അൻവറിന് മുന്നിൽ ഇനി വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംകെ മുനീറിൻ്റെ പ്രതികരണം വരുന്നത്.