
കൊല്ലം: ഭവികിന് രണ്ട് വയസ്സാകാൻ ഇനി രണ്ട് മാസം കൂടിയേ ഉള്ളൂ. അതിനെന്താ എന്ന് ചോദിക്കാൻ വരട്ടെ. ഈ രണ്ട് വയസ്സിലേക്കെത്തുന്നതിന് മുമ്പ് തന്നെ, കൃത്യം ഒരു വയസ്സും ഏഴ് മാസവും പ്രായമുള്ളപ്പോൾ കുഞ്ഞിക്കൈയിലേക്ക് ഒരു റെക്കോർഡ് വാങ്ങിയ കൊച്ചുമിടുക്കനാണ് ഭവിക്. കൊല്ലം ജില്ലയിലെ പത്തനാപുരം തലവൂർ സ്വദേശികളായ മനീഷിന്റെയും അശ്വതിയുടെയും മകനാണ് ഈ കുഞ്ഞുതാരം. ഫേസ്ബുക്കും ട്വിറ്ററും യൂട്യൂബും ഒക്കെ ഈ കൊച്ചുപ്രായത്തിൽ തന്നെ ഭവിക്കിന് സുപരിചിതം. ഇവയുടെയൊക്കെ ലോഗോയുടെ ചിത്രങ്ങൾ കയ്യിൽ കൊടുത്താൽ മതി. ഏതൊക്കെയാണെന്ന് കൃത്യമായി അവൻ തിരിച്ചറിഞ്ഞ് പറയും. കാണുന്ന കാഴ്ചകളൊക്കെ എന്താ, ഏതാ എന്ന് ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ കേശു എന്ന് ചെല്ലപ്പേരുള്ള ഭവിക് വലിയൊരു നേട്ടത്തിലേക്കാണ് പിച്ചവെച്ചതെന്ന് സാരം.
''ഒരു വയസ്സാകുന്നതിന് മുമ്പ് തന്നെ അവൻ സംസാരിച്ചു തുടങ്ങിയിരുന്നു. എന്തെങ്കിലും വസ്തുക്കളോ സാധനങ്ങളോ കാണിച്ചു കൊടുത്ത് അതിന്റെ പേര് പറഞ്ഞു കൊടുത്താൽ മതി. പിന്നീട് അതേ വസ്തുക്കൾ കാണുമ്പോൾ അവനത് പറയും. ബസ് കാണിച്ചു കൊടുത്താൽ പിന്നെ എപ്പോഴെങ്കിലും ബസ് കണ്ടാൽ അമ്മേ ബസ് എന്ന് പറയും. അങ്ങനെ ഒരു തവണ പറഞ്ഞു കൊടുക്കുന്ന പല കാര്യങ്ങളും അവൻ പിന്നീട് ഓർത്തെടുത്ത് പറയും. അങ്ങനെയാണ് മോന് ഇങ്ങനെയൊരു കഴിവുണ്ടെന്ന് മനസ്സിലായത്.'' ഭവികിന്റെ അച്ഛൻ മനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ഒരു വയസ്സും ഏഴ് മാസവും പ്രായമുള്ളപ്പോഴാണ് ഭവികിനെ തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം എത്തുന്നത്. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാൻ ഭവിക് മിടുക്കനാണ്. കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. അല്ലാതെ നിർബന്ധിച്ച് പഠിപ്പിക്കാറില്ലെന്നും മനീഷ് വ്യക്തമാക്കുന്നു. ഭവികിന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരമായി അമ്മ അശ്വതിയാണ് എപ്പോഴും കൂടെയുള്ളത്. മോനിങ്ങനെയൊരു കഴിവുണ്ടെന്ന് അറിഞ്ഞപ്പോൾ അശ്വതിയാണ് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുത്തത്. സച്ചിനെയും ഗാന്ധിജിയെയും മദർ തെരേസയെയും തുടങ്ങി പ്രശസ്തരായ പലരുടെയും ചിത്രങ്ങൾ കാണിച്ചു കൊടുത്താൽ അവരാരൊക്കെയെന്ന് ഭവിക് പറയും. വാഹനങ്ങൾ, സംഗീത ഉപകരണങ്ങൾ, 25 വരെയുള്ള സംഖ്യകൾ, കമ്പനികളുടെ ലോഗോ, രാജ്യ തലസ്ഥാനങ്ങൾ, അക്ഷരമാല ക്രമത്തിലുള്ള വാക്കുകൾ ഇവയെല്ലാം ഭവികിന്റെ ഓർമ്മയിൽ ഭദ്രമാണ്. ബിഎഡ് ബിരുദധാരിയാണ് ഭവികിന്റെ അമ്മ അശ്വതി.
"
''മറ്റൊരിടത്ത് ഇതേ പോലെ തന്നെ ഒന്നരവയസ്സുള്ള കുട്ടി റെക്കോർഡ് നേട്ടത്തിലെത്തിയ വാർത്ത കണ്ടപ്പോഴാണ് നമ്മുടെ മോനും ഇങ്ങനെയൊരു കഴിവുണ്ടല്ലോ, റെക്കോർഡിന് അപേക്ഷിച്ചാലോ എന്ന് അശ്വതി പറയുന്നത്. അങ്ങനെ മോന്റെ വീഡിയോസ് ഒക്കെ അയച്ചു കൊടുത്തു. ഫെബ്രുവരിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്. മാർച്ചിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചു എന്ന് അറിയിപ്പ് കിട്ടി.'' മനീഷിന്റെ വാക്കുകൾ. അംഗീകാരം തേടിയെത്തിയ സമയത്തുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ ഭവിക്കിന് അറിയാം. ഇത്ര ചെറുപ്രായത്തിൽ തന്നെ ഈ കൊച്ചുമിടുക്കന്റെ നേട്ടത്തിൽ തികഞ്ഞ സന്തോഷത്തിലാണ് കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam