മൂലമ്പള്ളിയില്‍ ബലമായി കുടിയിറക്കിയവരെ ചതിച്ച് സര്‍ക്കാര്‍; കരുണകാണിക്കണം ഈ കുടുംബങ്ങളോടും

By Web TeamFirst Published Oct 29, 2019, 10:11 AM IST
Highlights

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് നല്‍കുമ്പോള്‍ വാഗ്ദാനം ചെയ്ത അയ്യായിരം രൂപ മാസവാടക പോലും കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ക്ക് ലഭിക്കുന്നില്ല.

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് ലക്ഷങ്ങള്‍ ഖജനാവില്‍ നിന്നും നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വല്ലാര്‍പ്പാടം പദ്ധതിക്കായി 2008 ല്‍ മൂന്നൂറിലധികം കുടുംബങ്ങളെ അവരുടെ വീടുകളില്‍ നിന്നും ബലമായി ഒഴിപ്പിക്കുകയുണ്ടായി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നും ഇവരുടെ പുനരധിവാസപദ്ധതിക്ക് എന്തു സഭവിച്ചുവെന്നും അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ഭൂമിയുടെ അവകാശികള്‍. 

വല്ലാര്‍പ്പാടം പദ്ധതിക്കായി സ്വന്തം വീടുകളില്‍ നിന്ന് ബലമായി കുടിയിറക്കിയവരില്‍  ഭൂരിഭാഗവും ഇന്നും  കഴിയുന്നത് താല്‍ക്കാലിക ഷെഡുകളിലാണ്. തീരദേശ നിയന്ത്രണ മേഖലയുടെ പരിധിയില്‍ വരുന്ന ഭൂമിയാണ്  മിക്കവര്‍ക്കും പകരം  ലഭിച്ചത്. വീടുനിര്‍മ്മാണത്തിനുള്ള അപേക്ഷ തള്ളിയപ്പോഴാണ് ഇക്കാര്യം ഇവര്‍ അറിയുന്നത് പോലും. മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് നല്‍കുമ്പോള്‍ വാഗ്ദാനം ചെയ്ത അയ്യായിരം രൂപ മാസവാടക പോലും കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ക്ക് ലഭിക്കുന്നില്ല.

മാഞ്ഞാലി ഭഗവതിപ്പറമ്പില്‍ ദേവ് എന്ന വീട്ടമ്മ അവരിലൊരാളാണ്. നാടിന്‍റെ വികസനത്തിനായി ഈ വീട്ടമ്മയില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്തത് പുരയിടം ഉള്‍പ്പെടെ 10 ല്‍ ഏഴ് സെന്‍റ് ഭൂമിയാണ്. ബാക്കി വന്ന മൂന്ന് സെന്‍റില്‍ ഈ വിധവ ഒരു താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചു. ഇടുങ്ങിയ ഈ രണ്ടു മുറികളിലായി മകന്‍റെ കുടുംബം ഉള്‍പ്പെടെ 5 പേരാണ് താമസിക്കുന്നത്. 

സര്‍ക്കാരിന്‍റെ ഭൂമി കിട്ടിയാല്‍ വീട് വെക്കാമെന്ന് സ്വപ്നം കണ്ടുരുന്നു ഇവര്‍.  കാക്കാനാട് തുതിയൂരില്‍ ഭൂമി ലഭിച്ചു. കടമക്കുടി വില്ലേജില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍ വിട് നിര്‍മ്മിക്കാന്‍ അനുമതിക്ക് അപേക്ഷിച്ചപ്പോള്‍ തീരദേശ പരിപാല മേഖലയുടെ  പരിധിയില്‍ ഉള്ള ഭൂമിയായതിനാല്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി നല്കാനാവില്ലെന്നായിരുന്നു മറുപടി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീടു വെയ്ക്കാന്‍ തീരദേശ പരിപാലനച്ചട്ടങ്ങളില്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. വര്‍ഷങ്ങളായി ദരിതത്തില്‍ കഴിയാണ് ഇവര്‍. മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഈ പാവങ്ങളോട് കൂടി അല്‍പ്പം കരുണകാണിക്കണം.

click me!