പാലാരിവട്ടം മേൽപാലം നിർമാണത്തിൽ വൻ അഴിമതിയെന്ന് വിജിലൻസ് റിപ്പോർട്ട്

By Web TeamFirst Published Jun 3, 2019, 8:59 PM IST
Highlights

പാലം നിർമാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്‍റാണെന്നും ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കി നാളെ മൂവാറ്റുപുഴ കോടതിയിൽ എഫ്ഐആർ സമർപ്പിക്കും.

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നു. കരാറുകാരനുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്. നാളെ മൂവാറ്റുപുഴ കോടതിയിൽ എഫ്ഐആർ സമർപ്പിക്കാനും തീരുമാനമായി.

പാലം നിർമാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്‍റാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചില്ലെന്നും അമിതലാഭം ഉണ്ടാക്കാൻ പാലത്തിന്‍റെ ഡിസൈൻ മാറ്റിയെന്നും റിപ്പോർട്ടിലുണ്ട്.  പാലം പണി നടത്തിയ ആർഡിഎസ് കന്പനിയുടെ മാനേജിംഗ് ഡയറക്ടർ സുമിത് ഗോയലിന്‍റെ അടക്കം മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നിർമാണത്തിൽ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിലും വ്യക്തമായിരുന്നു. പാലത്തിൽ നിന്നും വിജിലൻസ് ശേഖരിച്ച കോൺക്രീറ്റിന്‍റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോധ്യമായിരുന്നു. വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

സ്കൂൾ തുറക്കുംമുമ്പ് പാലം തുറക്കില്ല

ഇതിനിടെ പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വവും തുടരുകയാണ്. സ്കൂൾ തുറക്കുന്നതിന് മുമ്പ് പണികൾ തീ‍ർത്ത് പാലം തുറന്ന് ന‌ൽകുമെന്നായിരുന്നു നിർമ്മാണത്തിന്‍റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്. സ്കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്ന് ആറിലേക്ക് മാറ്റിയിട്ടും പാലം എന്ന് തുറക്കാനാകുമെന്ന് ആർക്കും പറയാൻ വ്യക്തതയില്ല. ഒരു മാസത്തിനുള്ളിൽ ടാറിങ്ങ് പൂർത്തിയാക്കി എക്സപാൻഷൻ ജോയിന്‍റുകൾ പുനസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയായത് ടാറിങ്ങ് മാത്രമാണ്. എക്സ്പാൻഷൻ ജോയിന്‍റുകൾ പുനസ്ഥാപിക്കാനുള്ള നടപടികളും ബേയറിങ്ങ് മാറ്റുന്ന പണികളും ബാക്കിയാണ്.

click me!