
ഇടുക്കി: ഉടുമ്പൻചോലയിലെ സെൽവരാജിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം വാദം പൊളിയുന്നു. വ്യക്തി വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നത്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരെ അകാരണമായി കേസിൽ പ്രതി ചേർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡീൻ കുര്യാക്കോസ് ഉടുമ്പൻചോല സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഉടുമ്പൻചോലയിലെ സിപിഎം പ്രവർത്തകൻ സെൽവരാജിന്‍റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആരോപിച്ചത്. എന്നാൽ, പൊലീസിന്‍റെ പ്രാഥമിക വിവര റിപ്പോർട്ടിൽ പറയുന്നത് പിടിയിലായ പ്രതി അരുൺ ഗാന്ധിയ്ക്ക് സെൽവരാജിനോടുള്ള വ്യക്തിവിരോധം നിമിത്തം കൊല്ലണമെന്ന ഉദ്ദേശത്തോടെ കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നെന്നാണ്.
ഗുരുതരമായി പരിക്കേറ്റ സെൽവരാജ് മധുര മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തർ അരുൺഗാന്ധിയുടെ നേതൃത്വത്തിൽ സെൽവരാജിനെ മൃഗീയമായി കൊലപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. കഴിഞ്ഞ് മെയ് 23നാണ് അരുൺഗാന്ധിയുടെ ആക്രമണത്തിൽ സെൽവരാജിന് പരിക്കേറ്റത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് മെയ് 27 നും.
ഇതിന് ശേഷം അഞ്ച് ദിവസം കഴിഞ്ഞ് സിപിഎം രാഷ്ട്രീയ കൊലപാതമെന്ന ആരോപണം ഉന്നയിക്കുന്നത് കോൺഗ്രസ് പ്രവർത്തകരെ കേസിൽ കുടുക്കാനാണെന്ന് ആരോപിച്ച് ഇടുക്കിയിലെ നിയുക്ത എംപി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ ഉടുമ്പൻചോല സ്റ്റേഷൻ ഉപരോധിച്ചു. കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ ഉച്ചയോടെ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. ആരോപണം രാഷ്ട്രീയ പ്രേരിതമല്ലെന്നും പൊലീസ് അന്വേഷണം പൂർത്തിയാകുമ്പോൾ സത്യം പുറത്തുവരുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്: കോണ്‍ഗ്രസുകാരുടെ അടിയേറ്റ ശെല്‍വരാജ് മരിച്ചു; കോണ്‍ഗ്രസുകാര്‍ കൊന്നുതള്ളുകയാണെന്ന് കോടിയേരി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam