തോമസ് ചാണ്ടിയുടെ റിസോർട്ടിന് വൻ പിഴയിളവ്: 2.75 കോടിക്ക് പകരം വെറും 35 ലക്ഷം! പ്രതിഷേധം

By Web TeamFirst Published Jun 26, 2019, 12:07 PM IST
Highlights

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിൽ നിന്ന് ഈടാക്കേണ്ടിയിരുന്ന പിഴയുടെ തുക അഡീഷണൽ ചീഫ് സെക്രട്ടറി വെട്ടിക്കുറച്ചതിലാണ് ആലപ്പുഴ നഗരസഭാ മുൻസിപ്പൽ യോഗത്തിൽ ബഹളവും പ്രതിഷേധവും. 

ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നിർദേശം നടപ്പാക്കുമെന്ന് ആലപ്പുഴ നഗരസഭ. ഇതിനെതിരെ നഗരസഭാ മുൻസിപ്പൽ യോഗത്തിൽ അംഗങ്ങൾ പ്രതിഷേധിക്കുകയാണ്.

ചട്ടലംഘനത്തിന് തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് നഗരസഭ ചുമത്തിയത് 2.75 കോടി രൂപയാണ്. എന്നാൽ ഇതിനെിരെ തോമസ് ചാണ്ടിയുടെ കമ്പനി സർക്കാരിന് അപ്പീൽ നൽകി. ഇതേത്തുടർന്ന് സർക്കാർ പിഴത്തുക വെട്ടിക്കുറച്ചു. നഗരകാര്യ റീജണൽ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട് അനുസരിച്ച് കമ്പനി നഗരസഭയ്ക്ക് 35 ലക്ഷം രൂപ പിഴ ഒടുക്കിയാൽ മതി. 

ലേക് പാലസ് റിസോർട്ടിലെ 10 കെട്ടിടങ്ങൾ പൂർണ്ണമായും അനധികൃതമാണെന്നും 22 കെട്ടിടങ്ങളിൽ വിസ്തീർണ്ണത്തിൽ കുറവ് ഉണ്ടെന്നും ആലപ്പുഴ നഗരസഭ കണ്ടെത്തിയിരുന്നു. ഇതിൽ 22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീർണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയുടേയും 10 കെട്ടിടങ്ങൾക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.75 കോടി രൂപ നഗരസഭ അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് വാട്ടർ വേൾഡ് കമ്പനി സ‍ർക്കാരിന് നൽകിയ അപേക്ഷയിൽ പക്ഷേ, സർക്കാർ കമ്പനിക്ക് ഒപ്പമായിരുന്നു.

സർക്കാർ നി‍ർദേശപ്രകാരം അന്വേഷണം നടത്തിയ നഗരകാര്യ റീജണൽ ജോയിന്‍റ് ഡയറക്ടർ കഴിഞ്ഞ മൂന്ന് വർഷത്തെ തുക മാത്രമെ ഈടാക്കാൻ വ്യവസ്ഥയുള്ളൂ എന്നാണ് നഗരസഭയെ അറിയിച്ചത്. ലേക് പാലസ് റിസോ‍ർട്ടിലെ 10 അനധികൃത കെട്ടിടങ്ങൾക്ക് ഉൾപ്പെടെ നികുതിയും പിഴയുമായി 2.71 കോടി രൂപ അടയ്ക്കാൻ നിർദേശിച്ച നഗരസഭയ്ക്ക് ഇനി 35 ലക്ഷം മാത്രമെ കിട്ടുകയുള്ളൂ. കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ കമ്പനി നൽകിയ അപേക്ഷയിൽ ഉടൻ തീരുമാനമെടുക്കാനാണ് നഗരസഭയ്ക്കുള്ള നി‍ർദേശം. ഇതോടൊപ്പം , വ്യവസ്ഥകൾക്ക് വിധേയമായി റിസോർട്ടിന്‍റെ ലൈസൻസ് പുതുക്കി നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരസഭയോട് സർക്കാർ നി‍ർദേശിച്ചിരുന്നു. 

click me!