തിരുവനന്തപുരത്ത് വൻ തീ പിടിത്തം; നാല് കടകൾ കത്തി നശിച്ചു, വീടുകളിലേക്കും തീ പടരുന്നു

By Web TeamFirst Published May 21, 2019, 11:28 AM IST
Highlights

കുടകളും ബാഗുമെല്ലാം വിൽക്കുന്ന കടയിലാണ് ആദ്യം തീ പിടിച്ചത്. തുടര്‍ന്ന് സമീപത്തെ കടകളിലേക്കും വീടിലേക്കുമെല്ലാം തീ പടര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം. ഓവര്‍ബ്രിഡ്ജിന് സമീപത്തെ കടകളിലേക്കാണ് തീ പടര്‍ന്നത്. കുടകളും ബാഗുമെല്ലാം വിൽക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ടിലാണ് ആദ്യം തീ പിടിച്ചത്. ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു.  കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു. 

ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം ആളിപ്പിടിക്കുന്ന അവസ്ഥയാണ്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിട്ടുണ്ട്.

തൊട്ട് തൊട്ട് ഇരിക്കുന്ന കടകളായതിനാൽ വളരെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്സിനും . കെട്ടിടങ്ങൾ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളിൽ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കൽ ചൂളയിൽ നിന്നും ചാക്കയിൽ നിന്നുമെല്ലാം ഫയര്‍ എൻജിനുകളെത്തി തീയണക്കാൻ ശ്രമിക്കുന്നുണ്ട്. കടകളിൽ നിന്നും വീടുകളിൽ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി

വലിയതോതിൽ പരിശ്രമിച്ചിട്ടും രണ്ട് മണിക്കൂറിന് ശേഷവും തീ അണയ്കക്കാൻ ഫയര്‍ ഫോഴ്സ് യൂണിറ്റുകൾക്ക് കഴിഞ്ഞിട്ടില്ല. എംജി റോഡിൽ ഇതുവഴിയുള്ള ഗതാഗതമെല്ലാം നിയന്ത്രിച്ചിട്ടുണ്ട്. രൂക്ഷമായ ഗതാഗത കുരിക്കാണ് തലസ്ഥാന നഗരത്തിൽ അനുഭവപ്പെടുന്നത്. 

തീ ആളിപ്പടരുന്നതിന് തൊട്ടടുത്തുള്ള പവ്വര്‍ ഹൗസ് റോഡിലെ നാല് ട്രാൻഫോര്ഡമറുകൾ കെഎസ്ഇബി ഓഫ് ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള പരിശ്രമങ്ങൾക്കിടെ ഫയര്‍ ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു. ചെങ്കൽ ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്. 

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്സും പൊലീസും ജില്ലാ ഭരണകൂടവും ഒരുമിച്ചാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നൽകുന്നത്. മേയര്‍ അടക്കം ജനപ്രതിനിധികളുടെ സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!