Latest Videos

തിരുവനന്തപുരത്തും കോഴിക്കോട്ടും അഗ്നിപഥിൽ പ്രതിഷേധമാളുന്നു, രാജ്ഭവനിലേക്ക് കൂറ്റൻ റാലി

By Web TeamFirst Published Jun 18, 2022, 10:42 AM IST
Highlights

തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടക്കുന്നത് കൂറ്റൻ റാലിയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, അഞ്ഞൂറോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. 

തിരുവനന്തപുരം: മൂന്ന് സേനകളിലേക്കുമുള്ള റിക്രൂട്ട്മെന്‍റിനായി പുതുതായി 'അഗ്നിപഥ്' എന്ന കേന്ദ്രസർക്കാർ പദ്ധതിക്കെതിരെ കേരളത്തിലും വൻ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടക്കുന്നത് കൂറ്റൻ റാലിയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. 'അഗ്നിപഥ്' സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. കോഴിക്കോട്ടും അഗ്നിപഥിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. 

രാവിലെ 9.30-യോടെയാണ് തമ്പാനൂരിൽ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികൾ തടിച്ചുകൂടിയത്. പോകെപ്പോകെ പ്രതിഷേധമാർച്ചിലേക്ക് നിരവധിപ്പേരെത്തി. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് സാഹചര്യം മൂലം ആർമി റിക്രൂട്ട്മെന്‍റുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ പലതും നടന്നിരുന്നെങ്കിലും, അതിൽ നിന്ന് നിയമനം നടന്നിരുന്നില്ല. ഈ റാലികളിലും മറ്റും പങ്കെടുത്തും അല്ലാതെയും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷകളും പാസ്സായ ഉദ്യോഗാർത്ഥികളാണ് നിലവിൽ പ്രതിഷേധിക്കുന്നവരിൽ പലരും. ഒന്നര വർഷത്തോളമായി ഇവർ ജോലി കാത്തിരിക്കാൻ തുടങ്ങിയിട്ട്.

2021 ഫെബ്രുവരി - മാർച്ച് മാസങ്ങളിലായിട്ടായിരുന്നു സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ കേരളത്തിൽ പലയിടത്തും നടന്നത്. മെഡിക്കൽ - ഫിസിക്കൽ പരിശോധനകൾക്ക് ശേഷം എഴുത്തുപരീക്ഷയ്ക്ക് യോഗ്യരെന്ന് കണ്ടെത്തിയ അയ്യായിരത്തോളം പേരാണ് കേരളത്തിലുള്ളത്. ഇതിനെല്ലാമൊടുവിൽ ഇനി പരീക്ഷ മാത്രം ബാക്കിയെന്ന സ്ഥിതിയിലാണ് പെട്ടെന്ന് ഈ റിക്രൂട്ട്മെന്‍റുകളെല്ലാം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഗ്നിപഥ് എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. 

വിദേശത്ത് അടക്കം ജോലിസാധ്യതയുണ്ടായിട്ടും പലരും അത് വേണ്ടെന്ന് വച്ച് ആർമി റിക്രൂട്ട്മെന്‍റ് പരീക്ഷ കാത്തിരിക്കുകയായിരുന്നു. ആറ് തവണയാണ് ആർമി റിക്രൂട്ട്മെന്‍റ് പരീക്ഷ കേന്ദ്രസർക്കാർ മാറ്റിവച്ചത്. അഗ്നിപഥ് സ്കീം നടപ്പാക്കുന്നതോടെ ഇപ്പോൾ പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവരിൽ ഏതാണ്ട് 90% പേരെങ്കിലും പരീക്ഷയെഴുതാൻ അയോഗ്യരാകും. 21 വയസ്സാണ് ആദ്യം പ്രായപരിധി പ്രഖ്യാപിച്ചതെങ്കിലും 23 വയസ്സ് വരെയുള്ളവർക്ക് അഗ്നിപഥ് സ്കീമിൽ ചേരാൻ കഴിയുമെന്നാണ് പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാലും പലർക്കും ഈ സ്കീമിൽ പങ്കെടുക്കാനാകില്ലെന്നതാണ് വാസ്തവം. 

വിവിധ എംപിമാരെ നേരിൽക്കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കാനും പ്രതിഷേധിക്കുന്ന യുവാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇവരെ പിന്തിരിപ്പിക്കാൻ പല തവണ പൊലീസ് ശ്രമിച്ചിരുന്നതാണ്. ആർമി റിക്രൂട്ട്മെന്‍റ് കാത്തിരിക്കുന്ന ഇവർ രാജ്ഭവൻ മാർച്ച് നടത്തിയതിന്‍റെ പേരിൽ കേസ് നേരിട്ടാൽ അത് ഇവരുടെ ജോലി സാധ്യതയെപ്പോലും ബാധിച്ചേക്കാമെന്ന് പൊലീസ് ഇവരോട് പറഞ്ഞിരുന്നു. എന്നാൽ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച്, ഇവർ പ്രതിഷേധമായി മുന്നോട്ട് പോകുകയാണ്. 

അഗ്നിപഥിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുമ്പോഴും റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കുള്ള തയ്യാറെടുപ്പുകളുമായി  കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് പോകുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങും. പിന്നാലെ റാലികളുടെ തീയതി പ്രഖ്യാപിക്കും. ഈ ഡിസംബറില്‍ തന്നെ പരിശീലനം തുടങ്ങും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.

വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന വാദമുയര്‍ത്തി അഗ്നിപഥിനെതിരായ രോഷം ശമിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കൊണ്ടു വന്നതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച അമിത് ഷാ രാജ്യസേവനത്തിനൊപ്പം യുവാക്കള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്ന് ട്വിറ്ററില്‍ കുറിച്ചു. പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനമാണെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു.

പദ്ധതിയെ കേന്ദ്രം ന്യായീകരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തിരിഞ്ഞു. രാജ്യത്തിന് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുന്ന കേന്ദ്രം ഉദ്യോഗാര്‍ത്ഥികളല്ല പ്രതിപക്ഷ കക്ഷികളാണ് കലാപത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. 

click me!