സുശാന്തിൻ്റെ മരണം അന്വേഷിക്കാനെത്തിയ ബീഹാർ എസ്.പി മുംബൈയിൽ നിർബന്ധിത ക്വാറൻ്റൈനിൽ

By Web TeamFirst Published Aug 3, 2020, 6:31 AM IST
Highlights

സുശാന്തിന്‍റെ കുടുംബം പാറ്റ്നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പൊലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്

മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്.പി ബിനയ് തിവാരിയെ മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തു. ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്‍റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു. സാഹചര്യം വിലയിരുത്താൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നതതല യോഗം വിളിച്ചു.

സുശാന്തിന്‍റെ കുടുംബം പാറ്റ്നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പൊലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. മുംബൈയിൽ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്.

മാധ്യമ പ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുൻപ് മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിൻ്റെ കൈയ്യിൽ ക്വാറന്‍റീൻ സീൽ പതിക്കുകയായിരുന്നു. രാത്രിയോടെ എസ്.പിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നടപടിയെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം.

അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് മെസ്സിൽ താമസം പോലും നൽകിയില്ലെന്ന വിമർശനവുമായി ബിഹാർ ഡിജിപി രംഗത്തെത്തി. ക്വാറന്‍റീൻ ചെയ്തില്ലെങ്കിലും നേരത്തെ എത്തിയ പൊലീസ് സംഘത്തിന് വാഹനം പോലും നൽകുന്നില്ലെന്ന പരാതി ബിഹാർ സർക്കാർ നേരത്തെ അറിയിച്ചതാണ്. ഇപ്പോഴും ഓട്ടോയിലാണ് മുംബൈയിൽ ബിഹാർ പൊലീസ് സംഘത്തിന്‍റെ യാത്രകളെല്ലാം.

കേസുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും നൽകാതെ അന്വേഷണത്തോട് നിസഹകരിക്കുകയാണ് മുംബൈ പൊലീസ്. ഇതിനെല്ലാം ഇടയിലാണ് പുതിയ പ്രകോപനം. സ്ഥിതി കൂടുതൽ സങ്കീർണമാവുന്ന സാഹചര്യത്തിൽ രാത്രിയോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുംബൈ പൊലീസ് കമ്മീഷണർ,മഹാരാഷ്ട്രാ ഡിജിപി എന്നിവരുടെ യോഗം വിളിച്ചു. പുതിയ സംഭവവികാസങ്ങളോടുള്ള ബിഹാർ സർക്കാരിന്‍റെ പ്രതികരണമാണ് ഇനി അറിയേണ്ടത്.

click me!