
തിരുവനന്തപുരം: ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാര്‍ ചുമതലയേറ്റത്തിനുശേഷമുണ്ടായ ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍. ഈ ആവശ്യം വ്യക്തമാക്കി ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇലക്ട്രിക് ബസിലടകം നയപരമായ കാര്യങ്ങളിൽ മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് എംഡി സ്ഥാനം ഒഴിയാൻ കാരണമെന്നാണ് സൂചന. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. എംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിമെന്നാണ് സൂചന.
ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കെഎസ്ആര്‍ടിസിയിലെ നയപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടെ ഗണേഷ്കുമാര്‍ ഏകപക്ഷീയമായ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണവും ഇതിനുപിന്നാലെ ഉയര്‍ന്നു. ഗണേഷ് കുമാര്‍ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ ബിജു പ്രഭാകര്‍ സ്ഥാനമൊഴിയുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇതിനിടെയാണിപ്പോള്‍ സ്ഥാനമൊഴിയാൻ ചീഫ് സെക്രട്ടറിയക്ക് കത്ത് നല്‍കിയത്. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയര്‍ന്നുവന്നിരുന്നു. സ്ഥാനമൊഴിയുന്നത് സംബന്ധിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam