
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്ന വൈദികർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്ന് കേരള ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ബിജു രമേശ്. ദുബായിയിൽ നിന്നടക്കമുള്ള ലോജിസ്റ്റിക്സ് കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. പണം കൈപറ്റി പദ്ധതികൾ തകർക്കുന്നത് ലത്തീൻ വൈദികരുടെ സ്ഥിരം ഏർപ്പാടാണ്. സമരത്തെ അതിജീവിച്ചു ഒരു വർഷത്തിനുള്ളിൽ തുറമുഖം യാഥാർഥ്യമാകുമെന്നും ബിജു രമേശ് അവകാശപ്പെട്ടു. വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മൽസ്യതൊഴിലാളികൾ അല്ലെന്നും അദ്ദേഹം ദുബായിയിൽ ആരോപിച്ചു
അതേസമയം വിഴിഞ്ഞം സമരം ഇന്ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. നിർമാണഘട്ടത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കഴിഞ്ഞ 100 ദിവസമായി വിഴിഞ്ഞം തുറമുഖം നേരിടുന്നത്. ജൂലൈ 20-ന് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ സമരം ഓഗസ്റ്റ് 16 മുതലാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. പിന്നീട് കണ്ടത് തീരദേശത്തിൻ്റെ ഇരമ്പുന്ന പ്രതിഷേധം.
ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചർച്ച നടത്തി. മുഖ്യമന്ത്രി ലത്തീൻ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തി. എന്നിട്ടും തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നാവശ്യത്തിൽ തട്ടി സമവായം നീളുകയാണ്.
സമരക്കാരുടെ പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം, തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായെന്ന് സർക്കാർ പറയുന്നു. പക്ഷേ ഒരൊറ്റ ആവശ്യത്തിൽ പോലും സർക്കാർ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം. തുറമുഖ കവാടത്തിലെ സമര പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണക്കൂടത്തിൻ്റെ ഉത്തരവും ഉത്തരവായി തന്നെ കിടക്കുകയാണ്. സമരത്തിനെതിരായ പ്രാദേശികവാസികളുടെ കൂട്ടായ്മയും ശക്തി പ്രാപിക്കുകയാണ്. സമരം മൂലം ഇതുവരെ നഷ്ടം 150 കോടിയോളമെന്നാണ്
വിസിലിൻ്റേയും അദാനി ഗ്രൂപ്പിന്റെയും കണക്ക്. നഷ്ടക്കണക്ക് ദിനംപ്രതി കനക്കുമ്പോഴും സമരത്തിൽ സമവായം അകലെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam