ബൈക്ക് റേസിം​ഗിനിടെ അപകടം: യുവാവിൻ്റെ കാലൊടിഞ്ഞു തൂങ്ങി, നാട്ടുകാരുടെ തല്ലും കിട്ടി

By Web TeamFirst Published Sep 23, 2021, 11:27 AM IST
Highlights

ബൈക്കിൽ അമിത വേഗതയിൽ ഓടിച്ചു വന്ന ഉണ്ണികൃഷ്ണൻ അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിൻ്റെ കാല് അപകടത്തിൽപ്പെട്ട് ഒടിഞ്ഞു തൂങ്ങി. റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ്റെ കാലാണ് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ബൈക്കിൽ അമിത വേഗതയിൽ ഓടിച്ചു വന്ന ഉണ്ണികൃഷ്ണൻ അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതോടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണൻ്റെ ബൈക്കിലേക്ക് ഇടിച്ചു കേറുകയും രണ്ട് വണ്ടികൾക്കിടയിൽപ്പെട്ട ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങുകയുമായിരുന്നു. ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ചേർന്ന് ഉണ്ണികൃഷ്ണനെ തല്ലുന്നതും ഇയാളുടെ കൂട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാർ ഡാം റിസർവോയറിനോട് ചേർന്നുള്ള റോഡിൽ റേസിംഗ് നടത്തിയതെന്നാണ് വിവരം. 

കഴിഞ്ഞ കുറച്ചു കാലമായി നെയ്യാർ ഡാം കേന്ദ്രീകരിച്ച് യുവാക്കൾ ബൈക്ക് റൈസിംഗ് നടത്തുന്നുവെന്ന പരാതി പ്രദേശവാസികൾക്കുണ്ട്. അമിത വേഗതയിലുള്ള ഇവരുടെ ബൈക്കോട്ടം മറ്റു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായിരുന്നു. ഇതിനിടെയാണ്  അപകടമുണ്ടായി യുവാവിൻ്റെ കാലൊടിഞ്ഞു തൂങ്ങുന്ന നിലയുണ്ടായത്. ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നവരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. 


 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!