ശബരിമല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം; ആവശ്യവുമായി ബിന്ദുവും കനകദുര്‍ഗ്ഗയും

By Web TeamFirst Published Nov 14, 2019, 12:11 PM IST
Highlights

വിധി സ്റ്റേ ചെയ്തിട്ടില്ലെന്നത് സംഘപരിവാർ അംഗീകരിക്കാൻ തയ്യാറാകണമെന്നും മലകയറാനെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ബിന്ദു അമ്മിണി ഏഷ്യാനെറ്റ് ന്യൂസിനോട്

കോഴിക്കോട്: ശബരിമലക്കേസിൽ വിധി സ്റ്റേ ചെയ്യാത്തത് സ്വാഗതാർഹമെന്ന് ബിന്ദു അമ്മിണി. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നത് സംഘപരിവാർ അംഗീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ മലകയറാനെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ബിന്ദു അമ്മിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് ബിന്ദുവിനൊപ്പം മലകയറിയ കനകദുർഗ്ഗയും നിലപാടറിയിച്ചിരുന്നു. 

വിധി നിരാശപ്പെടുത്തുന്നില്ലെന്നായിരുന്നു കനകദുർഗ്ഗയുടെ പ്രതികരണം. വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ എന്നും നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനകദുർഗ്ഗ വ്യക്തമാക്കി. കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

ശബരിമല കയറി തിരിച്ചെത്തിയ കനകദുർഗയ്ക്ക് ഭ‍ർതൃമാതാവിൽ നിന്നും സഹോദരനിൽ നിന്നും മർദനമേറ്റെന്ന് ആരോപണമുയർന്നിരുന്നു. കനകദുർഗ, തന്നെയാണ് മർദിച്ചതെന്നാരോപിച്ച് ഭർതൃമാതാവും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കോടതിവിധി നേടിയാണ് കനകദുർഗ ഭർതൃവീട്ടിലേക്ക് എത്തിയത്. എന്നാൽ വീട്ടിൽ തുടരാൻ വിസമ്മതിച്ച ഭർതൃമാതാവുൾപ്പടെയുള്ളവർ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. 

ശബരിമലയിൽ ദർശനം നടത്തിയ വിരോധത്തിൽ കുട്ടികളെ കാണാൻ ഭർത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്നും കനക ദുർഗയ പരാതിപ്പെട്ടിരുന്നു. ഒടുവിൽ കനകദുർഗക്ക് ആഴ്ച്ചയിൽ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശിക്കുകയായിരുന്നു. 

click me!