ഇത് വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയം: ജി സുകുമാരൻ നായ‍ര്‍

By Web TeamFirst Published Nov 14, 2019, 11:52 AM IST
Highlights
  • വിധി വിശാല ബെഞ്ചിന് വിട്ട മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും ഉണ്ടാവുകയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു
  • ശബരിമല യുവതീപ്രവേശന വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട വിധി സ്വാഗതാര്‍ഹമാണെന്നും സുകുമാരൻ നായര്‍

ചങ്ങനാശേരി: ശബരിമല യുവതീപ്രവേശന വിധി പുനപരിശോധനാ ഹര്‍ജികൾ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട വിധി സ്വാഗതാര്‍ഹമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. വിശാല ബെഞ്ചിന് വിട്ട മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും ഉണ്ടാവുകയെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയമായിട്ടാണ് ഈ വിധിയെ കാണുന്നതെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസ് വിധി പറയാതെ മാറ്റിയതിന് പുറമെ മതപരമായ ഏഴ് കാര്യങ്ങളിൽ ഏഴിൽ കുറയാത്ത അംഗങ്ങളുള്ള വിശാല ബെഞ്ച് വിധി വന്ന ശേഷം വീണ്ടും പരിഗണിക്കും. എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാക്കില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാം. 

ശബരിമലയിലെ യുവതീപ്രവേശനം എന്ന ഒരൊറ്റ വിഷയത്തില്‍ നിന്നും രാജ്യത്തെ മുഴുവന്‍ ആരാധാനാലയങ്ങള്‍ക്കും ചേര്‍ത്ത് ഒരൊറ്റ വിധിയിലേക്കാണ് സുപ്രീംകോടതി ഇനി പോകുന്നത്. മതം എന്നത് വലിയ ഗൗരവമേറിയ വിഷയമാണെന്നും ഇതേക്കുറിച്ച് വിശാലമായി പരിശോധിക്കേണ്ടതുണ്ടെന്നും വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറയുന്നു.
 

click me!