
പാലക്കാട്: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന വിദ്യാർത്ഥി യൂണിയൻ പരിപാടിയിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ടെന്ന ആരോപണം മന്ത്രിയോട് വിശദീകരിക്കാൻ പ്രിൻസിപ്പാൾ തിരുവനന്തപുരത്തെത്തി.
മന്ത്രി എകെ ബാലനെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച് പറയാനാണ് പ്രിൻസിപ്പാൾ എത്തിയത്. മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താനെത്തിയതെന്നും, സംഭവം വിവാദമായ സാഹചര്യത്തിൽ ഇത് നേരിട്ട് ചെന്ന് വിശദീകരിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പാൾ ഡോ ടിബി കുലാസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടേറിയേറ്റിൽ മന്ത്രിയുടെ ഓഫീസിൽ വച്ച് കാണാനാണ് മന്ത്രി അനുവാദം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"അവർ ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന്റെ ഇടയിൽ ഞാനുമെന്റെ കുട്ടികളും പെട്ടുപോയതാണ്," എന്ന് പ്രിൻസിപ്പാൾ പറഞ്ഞു. "അവർ തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിൽപെട്ട് കുട്ടികൾ ഭയന്നു," എന്ന് പറഞ്ഞ കുലാസ്, ബിനീഷാണ് മുഴുവൻ പ്രശ്‌നങ്ങൾക്കും കാരണമെന്നും ആരോപിച്ചു.
"ബിനീഷ് ആ പ്രോഗ്രാമിന്റെ ഇടയിൽ കയറി അവിടെ കുത്തിയിരുന്നു. 30 സെക്കന്റ് സംസാരിക്കാൻ വേണമെന്ന് പറഞ്ഞു. അതൊക്കെ എല്ലാവരും കണ്ടതാണല്ലോ," പ്രിൻസിപ്പാൾ പറഞ്ഞു.
"ആദ്യം പരിപാടിയുടെ ചീഫ് ഗസ്റ്റായി നിശ്ചയിച്ചത് ബിനീഷിനെയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ ക്ലാഷ് (തർക്കം) വരാൻ സാധ്യതയുണ്ടെന്ന് മനസിലായപ്പോൾ പരിപാടികളുടെ സമയക്രമം മാറ്റി നിശ്ചയിച്ചു. ഇത് പ്രകാരം അഞ്ചരയ്ക്കാണ് അനിൽ രാധാകൃഷ്ണ മേനോന്റെ പരിപാടി വച്ചത്. ആറ് മണിക്ക് ബിനീഷിന്റെ പരിപാടിയും നിശ്ചയിച്ചു."
"സമയക്രമം അദ്ദേഹത്തെ (ബിനീഷിനെ) നേരത്തെ അറിയിച്ചതാണ്. എന്നാൽ അദ്ദേഹം എത്തിയപ്പോഴേക്കും ആദ്യത്തെ പരിപാടി അവസാനിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ സ്വീകരിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുപോകാൻ വിദ്യാർത്ഥികളാണ് ആവശ്യപ്പെട്ടത്. ഞാനദ്ദേഹത്തെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയ സമയത്ത് ബിനീഷ് എന്റെ കൈതട്ടി മാറ്റി സ്റ്റേജിലേക്ക് പോവുകയായിരുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞ് പോകാമെന്ന് പറഞ്ഞിട്ടും അയാൾ കേട്ടില്ല. പരിപാടി പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണെന്ന് തോന്നിയത് കൊണ്ടാണ് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞത്."
"വിഷയം മന്ത്രി വിളിച്ചുചോദിക്കും മുൻപ് അദ്ദേഹത്തെ നേരിട്ട് കണ്ട് അറിയിക്കാനാണ് തിരുവനന്തപുരത്തെത്തിയത്. നിയമസഭ നടക്കുന്നതിനാൽ ഉച്ചയ്ക്ക് സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്താനാണ് മന്ത്രി നിർദ്ദേശിച്ചത്," എന്നും പ്രിൻസിപ്പാൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam