ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: എകെജി സെന്‍ററിലേക്ക് പ്രതിഷേധത്തിന് സാധ്യത; സ്ഥലത്ത് വൻ പൊലീസ് സന്നാഹം

By Web TeamFirst Published Oct 29, 2020, 4:43 PM IST
Highlights

ഡിസിപി ദിവ്യ ഗോപിനാഥ് അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്‍ററിന് മുന്നിൽ പൊലീസിനെ അണിനിരത്തി മുൻകരുതൽ ഒരുക്കിയിട്ടുള്ളത്. 

തിരുവനന്തപുരം: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് എൻഫോഴ്സ്മെന്‍റ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തയതോടെ തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തിനും സുരക്ഷ ശക്തമാക്കി പൊലീസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായതോടെ വിവിധ പ്രതിപക്ഷ സംഘടനകൾ എകെജി സെന്‍ററിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി. 

എകെജി സെന്‍ററിന് മുന്നിൽ വലിയ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. കൂട്ടം  കൂടി നിൽക്കുന്ന ആളുകളെ എല്ലാം ഒഴിപ്പിക്കുന്നുണ്ട്. ഡിസിപി ദിവ്യ ഗോപിനാഥ് അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്‍ററിന് മുന്നിൽ പൊലീസിനെ അണിനിരത്തി മുൻകരുതൽ ഒരുക്കിയിട്ടുള്ളത്.  കൊവിഡ് പ്രോട്ടോകോൾ അടക്കം നിലവിലുള്ളതിനാൽ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം. 

സാധാരണ പ്രതിഷേധങ്ങളുടെ കേന്ദ്രമാകാറില്ല എകെജി സെന്‍റര്‍.  പക്ഷെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് നിലവിലുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം എന്നാണ് അറിയുന്നത്. റോഡുകൾ ബാരിക്കേഡ് വച്ച് അടക്കുന്നത് അടക്കമുള്ള നടപടികളാണ് പൊലീസ് ആലോചിക്കുന്നത്. അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം മുതിര്‍ന്ന നേതാക്കളൊന്നും എകെജി സെന്‍ററിൽ ഇല്ലെന്നാണ് വിവരം. 

click me!