ബെംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. വൻ പൊലീസ് സന്നാഹത്തിൽ അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് വാഹനത്തിൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിലേക്ക് കൊണ്ടുപോയി. അന്വേഷണ സംഘത്തിന്റെ വാദം കേട്ട കോടതി ബിനീഷിനെ നാല് ദിവസത്തേക്ക് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് ആറാം പ്രതിയാണ്. കോടതിയിൽ നിന്നും ബിനീഷിനെ ഇഡി ആസ്ഥാനത്ത് എത്തിച്ചു. ബിനീഷിന്റെ അറസ്റ്റ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം ബിനീഷിനെതിരെ നാർകോടിക്സ് കൺട്രോൾ ബ്യൂറോയും കേസെടുക്കും എന്നാണ് വിവരം. ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം എൻസിബി കസ്റ്റഡി അപേക്ഷ നൽകും. നാളെ എൻസിബി ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തി വിവരങ്ങൾ ഔദ്യോഗികമായി വാങ്ങും.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം നൽകിയവരിൽ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നു.
മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകൾ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam