
ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ബെംഗലൂരുവിൽ പുരോഗമിക്കുകയാണ്. തുടര്‍ച്ചയായ പത്താം ദിവസമാണ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കേരളത്തിൽ നടത്തിയ റെയ്ഡിൽ ശേഖരിച്ച ഇലട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇഡി ഉദ്യോഗസ്ഥര്‍ . റെയ്ഡിൽ ബിനീഷിന്‍റെ അടുത്ത ബന്ധുവിന്‍റെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ഇഡി ശേഖരിച്ചിരുന്നു.
ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം കേരളത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനം. ബിനീഷ് നേരിട്ട് നിയന്ത്രിച്ച അഞ്ച് കമ്പനികളെകുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ബിനീഷിന്‍റെ കേരളത്തിലെ ബിനാമികളെന്നു കണ്ടെത്തിയവരെ കുറിച്ചും ഇവർക്ക് ബന്ധമുള്ള കമ്പനികളെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഇഡി കോടതിയല്‍ സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നു.
റിയാന്‍ഹ ഇവന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, യൗഷ് ഇവന്‍റ് മാനേജ്മെന്‍റ് ആന്‍റ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബീകാപിറ്റല്‍ ഫോറക്സ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ബീകാപിറ്റല്‍ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. ഈ കമ്പനികളെല്ലാം നിയന്ത്രിച്ചത് ബിനീഷ് കോടിയേരിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ബിനാമികളെന്ന് സംശയിക്കുന്നവരെ ബിനീഷിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ആവശ്യമെങ്കില്‍ ബിനീഷിനെ കേരളത്തിലെത്തിച്ചും തെളിവെടുക്കുമെന്നും അന്വഷണസംഘം സൂചന നല്‍കുന്നുണ്ട്.
ബുധനാഴ്ച വരെയാണ് ബിനീഷിനെ ഇഡി കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അടക്കമുള്ള കാര്യങ്ങൾ അന്ന് കോടതിയുടെ പരിഗണനക്ക് വരും. അതിനിടെ ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയും കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിരുന്നെങ്കിലും ഇഡി ചോദ്യം ചെയ്യൽ പൂര്‍ത്തിയായില്ലെന്ന് അറിയിച്ചപ്പോൾ എൻസിബി അപേക്ഷ പിൻവലിക്കുകയായിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam