
കൊല്ലം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സര്‍വ്വത്ര അഴിമതിയാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വര്‍ണക്കള്ളക്കടത്തും അഴിമതിയും അന്വേഷിക്കണമെന്ന് പറയുമ്പോൾ വികസനം തടസപ്പെടുത്തുന്നു എന്ന മറുപടിയാണ് സര്‍ക്കാര്‍ നൽകുന്നത്. ഇത് അപഹാസ്യമാണ്. അഴിമതിയും കൊള്ളയും അന്വേഷിക്കണ്ട എന്നാണ് സർക്കാർ നിലപാട്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നു എന്ന് അറിഞ്ഞതോടെ കേന്ദ്ര ഏജൻസിയെ എതിർക്കുന്നു.
സംസ്ഥാനത്തിന് അകത്തും പുറത്തും പാര്‍ട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് ഇടപാട് നടത്തുന്നു എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഇതിനെതിരെയും അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനും സിപിഎമ്മിനും എന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു. ബിനിഷ് കോടിയേരിയുടെ എല്ലാ ഇടപെടലുകൾക്കും സർക്കാരിന്റെയും പാർട്ടി സെക്രട്ടറിയുടെയും തണൽ ഉണ്ടായിരുന്നു. പാർട്ടി സെക്രട്ടറിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. അന്തസുള്ള പാർട്ടിയാണെങ്കിൽ സെക്രട്ടറിയെ പറഞ്ഞ് വിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു,
പ്രതിപക്ഷം ആരോപിച്ചത് എല്ലാം ശരിയായി വന്നു. വൻകിട പദ്ധതികളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇപ്പോൾ നടക്കുന്നത് ഉദ്ഘാടന മഹാമഹങ്ങൾ മാത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിക്ക് എതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിലെത്തുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എംസി കമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. എംഎൽഎ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ച് നൽകണം. കമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങൾക്കും ആയിരിക്കും അവസരം. കേരള കോൺഗ്രസ്സ് സ്ഥാനാർഥി വിഷയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായി ചർച്ച നടന്നു വരികയാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam