
ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ കിട്ടിയ ആദ്യ ദിവസം തന്നെ മാരത്തൺ ചോദ്യം ചെയ്യല്ലിന് വിധേയനാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകി പതിനൊന്ന് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ പൂർത്തിയാക്കിയത്.
മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മാരത്തൺ ചോദ്യം ചെയ്യൽ നടന്നത്. ബിനീഷിൻ്റേയും അനൂപിന്റേയും ബാങ്ക് അക്കൗണ്ടുകളിൽ എത്തിയ പണത്തെ സംബന്ധിച്ചായിരുന്നു പ്രധാനമായി ഇഡി ചോദിച്ചറിഞ്ഞത്. ബിനീഷിൻ്റെ മൊബൈൽ ഫോണിലെ വിവരങ്ങളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് സൂചന. ബിനീഷിൻ്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യൽ തുടങ്ങും എന്നാണ് സൂചന.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യകണിയും മയക്കുമരുന്ന് കച്ചവടക്കാരനുമായ അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് സമ്മതിച്ചിട്ടുണ്ട്. അനൂപിന്റെ പേരിൽ തുടങ്ങിയ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബീനീഷാണെന്നും ഇഡിയുടെ കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നുണ്ട്. മയക്കുമരുന്ന് കച്ചവടത്തിൽ നിന്ന് കിട്ടിയ വൻ തുക പല തവണയായി ബിനീഷിന്‍റെ അക്കൗണ്ടിലേക്ക് എത്തിയെന്നും ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അനൂപിന് ചെറിയ സാമ്പത്തിക സഹായങ്ങൾ നൽകിയ സുഹൃത്തല്ല മറിച്ച് ബിനീഷിന്റെ ബിനാമിയാണ് അനൂപെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇരുവരും തമ്മിൽ നടന്നത് വലിയ സാമ്പത്തിക ഇടപാടുകളാണ്. വിവിധ അക്കൊണ്ടുകളിലൂടെ വൻതുക ബിനീഷ് അനൂപിന് കൈമാറി. അനൂപ് തിരിച്ചും പണം അയച്ചു. പണത്തിന്റെ സ്രോതസ്സിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ബിനീഷിന് മറുപടിയില്ലെന്നാണ് ഇഡി പറയുന്നത്.
തിങ്കളാഴ്ച വൈകീട്ട് ബിനീഷിനെ ഹാജരാക്കുമ്പോൾ അന്വേഷണ പുരോഗതി അറിയിക്കാമെന്ന് ഇഡി സെഷൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇപ്പോൾ ബിനീഷിനെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകളും ചുമത്തിയേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam