കേരളത്തിലെ നിരോധനാജ്ഞ നാളെ തീരും; അഞ്ച് ജില്ലകളിൽ നവംബ‍ർ 15 വരെ നീട്ടി

By Web TeamFirst Published Oct 30, 2020, 10:20 PM IST
Highlights

നാളെ നിരോധനാജ്ഞ തീരുന്ന സാഹചര്യത്തിൽ പ്രദേശിക സ്ഥിതി പരിഗണിച്ച് നിരോധനാജ്ഞ നീട്ടുന്ന കാര്യം അതത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാമെന്ന് സർക്കാർ വ്യക്തമായിരുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ വിവിധ ജില്ലകളിൽ നവംബർ 15 വരെ നീട്ടി കൊണ്ട് ജില്ലാ കളക്ടർമാർ ഉത്തരവിട്ടു. ഒക്ടോബർ മൂന്നിന് രാവിലെ ഒൻപത് മണിക്കാണ് സംസ്ഥാന വ്യാപകമായി ജില്ലാ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബർ 31-ന് രാത്രി 12 വരെ നിരോധനാജ്ഞ നിലനിൽക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്. 

നാളെ നിരോധനാജ്ഞ തീരുന്ന സാഹചര്യത്തിൽ പ്രദേശിക സ്ഥിതി പരിഗണിച്ച് നിരോധനാജ്ഞ നീട്ടുന്ന കാര്യം അതത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാമെന്ന് സർക്കാർ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി വിവിധ ജില്ലാ കളക്ടർമാരുടെ ഉത്തരവ് പുറത്തു വന്നത്. 

തൃശ്ശൂ‍‍ർ,പത്തനംതിട്ട,ആലപ്പുഴ, എറണാകുളം,മലപ്പുറം ജില്ലാ കളക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും എന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചിട്ടുള്ളത്.

നിരോധനാജ്ഞ നീട്ടുന്ന ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം എല്ലായിടത്തും ബാധകമാണ്. സർക്കാർ ചടങ്ങുകൾ മതപരമായ ചടങ്ങുകൾ പ്രാർത്ഥനകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികൾ എന്നിവയിൽ 20 പേർ മാത്രം. ഇതുവരെ തിരുവനന്തപുരത്ത് കണ്ടെയിൻമെൻറ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കണ്ടെയിൻമെൻറ് സോണിലെ വിവാഹം-മരണം സംബന്ധിച്ച ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. സോണിന് പുറത്ത് വിവാഹ ചടങ്ങിൽ 50 പേർവരെയാകാം.

മറ്റ് ജില്ലകളിൽ വിവാഹചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങിൽ 20 പേരും എന്നതാണ് നിർദ്ദേശം. പിഎസ് സി അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ ഹോട്ടലുകൾ എന്നിവയെല്ലാം കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രവർത്തിക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂർണ്ണ അടച്ചിടൽ എവിടെയും ഇല്ലായിരുന്നു. 

click me!