
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ബിനീഷ് കോടിയേരി വൈകാരികമായ കുറിപ്പും വീഡിയോയും പങ്കുവെച്ചു. ‘വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ, ജന സ്നേഹത്തിന് തന്നെ സമർപ്പിച്ചു യാത്രയായതിന്റെ ഓർമ്മ ദിനം, ഉമ്മൻ ചാണ്ടി അങ്കിൾ നന്ദി തന്ന സ്നേഹത്തിന്’ എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
ഉമ്മൻ ചാണ്ടിയുടെ ഓര്‍മദിനത്തിൽ രാഷ്ട്രീയഭേദമന്യെ നിരവധി പേര്‍ കുറിപ്പും ഓര്‍മകളും പങ്കുവച്ചിരുന്നു. ഇതിനിടയിലായിരുന്നു മുൻ ആഭ്യന്തര മന്ത്രിയും സിപിഎം നേതാവുമായി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി തന്റെ വ്യക്തിപരമായ അടുപ്പം കൂടി വെളിവാക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അതേസമയം, കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ സംഘടിപ്പിച്ചത്. ഉമ്മൻചാണ്ടി സ്മൃതി സംഗമം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടന്നു.