
തൃശ്ശൂര്‍: കുവൈത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം കുന്നംകുളത്തെ സെമിത്തേരിയിൽ സംസ്കരിച്ചു. ഒരു വീടെന്ന സ്വപ്നം ബാക്കിവെച്ച് പോയ ബിനോയിക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ഒരാഴ്ച മുൻപാണ് ബിനോയ് തോമസ് ജോലി തേടി കുവൈത്തിലേക്ക് പോയത്. ബിനോയിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറ് കണക്കിനാളുകളാണ് ഇവിടേക്കെത്തിയത്.
മരണം എത്തുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ബിനോയ് തോമസും ഭാര്യ ജനിതയും വാട്സാപ്പിൽ സംസാരിച്ചിരുന്നു. ബിനോയ് ഉറങ്ങിപ്പോയതാണെന്ന് കരുതി ഭാര്യ കിടന്നുറങ്ങി. അപകട വിവരമറിഞ്ഞ് ജനിത ബിനോയിയെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. അപ്പോഴേക്കും കുവൈത്ത് ദുരന്തത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിഞ്ഞു തുടങ്ങിയിരുന്നു.
ആശങ്കയോടെ നാട്ടിലെ പൊതുപ്രവർത്തകരെ ജനിത വിവരമറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പട്ടികയിൽ ബിനോയ് ഇല്ലെന്ന് അറിഞ്ഞതോടെ എവിടെയെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാകും എന്ന് ആശ്വസിച്ചു. എന്നാൽ ബിനോയുടെ മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്ന് സുഹൃത്തിന്റെ ഫോൺ സന്ദേശം എത്തിയതോടെ ജനിതയെയും മക്കളായ ആദിയെയും ഇയാനെയും ആശ്വസിപ്പിക്കാനാവാതെ വാക്കുകൾ തോറ്റുപിന്മാറി.
കഴിഞ്ഞ ബുധനാഴ്ചയാണ് ബിനോയി നല്ലൊരു ജീവിതം സ്വപ്നം കണ്ട് കുവൈത്തിലേക്ക് വിമാനം കയറിയത്. ചേതനയറ്റ ശരീരമായാണ് ബിനോയ് തിരിച്ചുവന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗുരുവായൂർ എംഎൽഎ എൻകെ അക്ബർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക മത നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ തെക്കൻ പാലയൂരിലെ വീട്ടിൽ എത്തി.
വീട്ടിലെ ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ ബിനോയ് തോമസിന്റെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കുന്നംകുളം വി നാഗൽ ഗാർഡൻ ബറിയൽ ഗ്രൗണ്ട് സെമിത്തേരിയിൽ എത്തിച്ചു. തിരുവല്ലയിൽ നിന്ന് ബിനോയ് തോമസിന്റെ കുടുംബാംഗങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam