
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശൻ മൂന്നു ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി. ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണം. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണം.
കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്ഐആർ പരമാവധി പേർക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വി ഡി സതീശനെതിരായ പുനർജനി കേസ് അന്വേഷണത്തിൽ പ്രതിപക്ഷത്തിന് അങ്കലാപ്പുണ്ട്. വി ഡി സതീശനെ ഇതുവരെയും പിന്തുണയ്ക്കാത്തവരും ഇപ്പോൾ അദ്ദേഹത്തിനൊപ്പം എത്തി. പേടിയുള്ളവർ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോൾ വിഡി സതീശൻ. എൽ ഡി എഫിന് തെരഞ്ഞെടുപ്പ് സ്റ്റണ്ടിൻ്റെ ആവശ്യമില്ല. വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കൾ ഒറ്റയ്ക്ക് പോയി ആരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam