
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ബി ജെ പിയുടെ ബി ടീമാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി തെളിച്ച വഴിയെ പോകാന്‍ തുനിഞ്ഞിറങ്ങിയ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. നേരത്തെ യു ഡി എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവും രംഗത്തെത്തിയിരുന്നു.
അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചവർക്ക് അത് നടത്തിക്കാണിക്കണമെന്ന് രാജീവ് വെല്ലുവിളിച്ചു. വാഗ്ദാനം നൽകാൻ മാത്രമല്ല ഭരിക്കാനുള്ള നട്ടെല്ലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാർ ഒരു മെമ്മോറണ്ടത്തിൽ മാത്രമാണ് ഒപ്പുവെച്ചിരുന്നതെന്നും പിന്നീട് ഭരണതലത്തിൽ ആ നടപടികൾ നിത്തിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി എം ശ്രീയിൽ ഒപ്പുവെച്ചതുകൊണ്ട് ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നില്ലെന്നും പി രാജീവ് വ്യക്തമാക്കി. എസ് എസ് കെ. ഫണ്ട് ലഭ്യമാക്കാൻ ക്യാബിനറ്റിന്റെ അനുമതിയില്ലാതെ ഏതെങ്കിലും സെക്രട്ടറി ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. എൽ ഡി എഫ് സർക്കാർ ചെയ്തതുപോലെ പദ്ധതി നിർത്തിവെക്കാൻ യു ഡി എഫും തയ്യാറാകണമെന്നും രാജീവ് ആവശ്യപ്പെട്ടു. ബി ജെ പിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വഖഫ് ബോർഡ് പുനഃസംഘടന വൈകിപ്പിച്ചത് എൽ ഡി എഫ് സർക്കാരാണെന്ന മുസ്ലിം ലീഗിന്റെ ആരോപണത്തിനും പി രാജീവ് മറുപടി നൽകി. 2013 ൽ ബോർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒരു വർഷത്തിനു ശേഷം 2014 ലാണ് അന്നത്തെ യു ഡി എഫ്. സർക്കാർ പുനഃസംഘടന നടത്തിയതെന്ന് പി രാജീവ് ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലുള്ള ബോർഡിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായും നിലവിലെ വഖഫ് മന്ത്രി അന്ന് ആ ബോർഡിൽ അംഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam