നികുതി വർധിപ്പിക്കാതെ വരുമാനം കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനായി ജിഎസ്ടി വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് 64 പുതിയ വാഹനങ്ങൾ അനുവദിച്ചു.
തിരുവനന്തപുരം: കൃത്യമായി നികുതിപിരിവ് നടത്തിക്കൊണ്ട് ജിഎസ്ടി വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വർധിപ്പിക്കാതെ, നികുതി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിൽ ജിഎസ്ടി വകുപ്പ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുതുതായി വാങ്ങിയ 64 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ വാങ്ങിയത്. വാഹനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി ജിഎസ്ടി കമ്മീഷണർ പി ബി നൂഹിന് കൈമാറി. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ കമ്മീഷണർ രാഹുൽ കൃഷ്ണ ശർമ, അഡീഷണൽ കമ്മീഷണർ മുഹമ്മദ് ഷെഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


